ഇടുക്കി: ഗാന്ധിജയന്തി വാരാഘോഷത്തോടനുബന്ധിച്ച് ജില്ലാ ഭരണകൂടവും ഇൻഫർമേഷൻ-പബ്ലിക് റിലേഷൻസ് വകുപ്പും സംയുക്തമായി സ്കൂൾ, കോളേജ് വിദ്യാർത്ഥികൾക്കായി ക്വിസ് മത്സരം സംഘടിപ്പിച്ചു. കളക്ടറേറ്റിലെ മിനി കോൺഫറൻസ് ഹാളിൽ നടന്ന മത്സരത്തിൽ വിജയികളായവർക്ക് ഡീൻ കുര്യാക്കോസ് എം.പി. സമ്മാനങ്ങൾ വിതരണം ചെയ്തു.
കൊച്ചിൻ യൂണിവേഴ്സിറ്റി ഓഡിറ്റ് ഓഫീസറും പരിശീലകനുമായ റാഷി മക്കാർ ക്വിസ് മത്സരത്തിന് നേതൃത്വം നൽകി. രണ്ട് ഘട്ടങ്ങളായി നടത്തിയ മത്സരത്തിൽ 21 വിദ്യാർത്ഥികൾ മാറ്റുരച്ചു. മത്സരത്തിൽ കഞ്ഞിക്കുഴി നങ്കിസിറ്റി എസ്.എൻ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥികളായ ശ്രേയ അനിൽ, ഡിഫിൻ റോബിൻ എന്നിവർ ഒന്നാം സ്ഥാനം കരസ്ഥമാക്കി. കട്ടപ്പന സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂളിലെ ദുർഗാ ലക്ഷ്മി സജിത്ത്, റോജൻ റോബർട്ട് എന്നിവർ രണ്ടാം സ്ഥാനവും കാൽവരി മൗണ്ട് കെ.എച്ച്. സ്കൂളിലെ കരോൾ ഡി. ജോൺ മൂന്നാം സ്ഥാനവും നേടി.
പരിപാടിയിൽ ജില്ലാ ഇൻഫർമേഷൻ ഓഫീസർ ടി. സതികുമാർ, അസിസ്റ്റന്റ് എഡിറ്റർ എം.എൻ. സുനിൽകുമാർ, അസിസ്റ്റന്റ് ഇൻഫർമേഷൻ ഓഫീസർ എസ്. ശ്രീജിത്ത്, വകുപ്പ് ഉദ്യോഗസ്ഥർ, വിവിധ സ്കൂൾ-കോളേജ് വിദ്യാർത്ഥികൾ തുടങ്ങിയവർ പങ്കെടുത്തു.

