ശബരിമല: മണ്ഡല-മകരവിളക്ക് തീർഥാടന സീസൺ ഒരാഴ്ച്ച പിന്നിട്ടപ്പോൾ തീർഥാടകർക്ക് സുഗമമായ ദർശനമാണ് സാധ്യമായതെന്ന് ശബരിമല എ.ഡി.എം ദിലീപ് കെ കൈനിക്കരയുടെ അധ്യക്ഷതയിൽ ദേവസ്വം കോംപ്ലക്സ് ഹാളിൽ ചേർന്ന അവലോകനയോഗം വിലയിരുത്തി. തീർഥാടകരുടെ എണ്ണം ക്രമാനുഗതമായി കൂടി വരുന്ന സാഹചര്യത്തിൽ വരും ദിവസങ്ങളിൽ തിരക്ക് നിയന്ത്രിക്കാൻ കൃത്യമായ മുന്നൊരുക്കം നടത്താനും യോഗത്തിൽ തീരുമാനമായി.
വിവിധ വകുപ്പുകളുടെ മികച്ച ഏകോപനം മൂലമാണ് തീർഥാടനത്തിന്റെ ആദ്യ ഒരാഴ്ച്ച സുഗമമായി പിന്നിട്ടതെന്ന് വിലയിരുത്തിയ എ.ഡി.എം, സ്തുത്യർഹമായ പ്രവർത്തനത്തിന് എല്ലാ വകുപ്പുകളെയും അഭിനന്ദിച്ചു. ഹൃദയാഘാതം ഉൾപ്പെടെയുള്ള അടിയന്തര സാഹചര്യങ്ങളിൽ തീർഥാടകർക്ക് കൃത്യസമയത്ത് ചികിത്സ നൽകാൻ സാധിച്ചിട്ടുണ്ട്. ആരോഗ്യ വകുപ്പിന്റെയും പൊലീസിന്റെയും കൺട്രോൾ റൂമുകളുടെ ഏകോപിച്ചുള്ള പ്രവർത്തനം ഏറെ ഗുണകരമാണെന്നും യോഗം വിലയിരുത്തി. പോലീസ് ഒരുക്കിയ സുരക്ഷാ ക്രമീകരണങ്ങളെക്കുറിച്ച് ശബരിമല സ്പെഷ്യൽ ഓഫീസർ (എസ്.ഒ) ജി. ജയദേവ് യോഗത്തിൽ വിശദീകരിച്ചു.
തീർഥാടകരുടെ ആരോഗ്യവും ശുചിത്വവും ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഹോട്ടലുകളിൽ ഈച്ച ശല്യം നിയന്ത്രിക്കാൻ ഫ്ലൈ ക്യാച്ചർ യന്ത്രം സ്ഥാപിക്കുന്നതിനുള്ള സാധ്യത ആരായാൻ യോഗം നിർദേശിച്ചു. നിലവിൽ മാലിന്യ ശേഖരണം മികച്ച രീതിയിൽ നടക്കുന്നുണ്ടെങ്കിലും ഇത് ഇനിയും മെച്ചപ്പെടേണ്ടതുണ്ടെന്ന് യോഗം നിരീക്ഷിച്ചു. ഇതിന്റെ ഭാഗമായി ഭക്ഷ്യ, ഭക്ഷ്യേതര മാലിന്യങ്ങൾ കൃത്യമായി വേർതിരിച്ചു സൂക്ഷിക്കണമെന്ന് കടകളിൽ പ്രത്യേക നിർദേശം നൽകും. കൂടാതെ, ക്യൂ കോംപ്ലക്സിലെ ശുചിമുറികളിൽ എല്ലായ്പോഴും വെള്ളത്തിന്റെ ലഭ്യത ഉറപ്പാക്കാനും തീരുമാനമായി.
അവശ നിലയിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന തീർഥാടകർക്ക് അധികം കാത്തിരിക്കാതെ തന്നെ സ്ട്രച്ചർ സൗകര്യം എത്തിക്കണമെന്ന് എ.ഡി.എം കർശന നിർദ്ദേശം നൽകി. കടകളിൽ നിന്ന് കാലിയായ ഗ്യാസ് സിലിണ്ടറുകൾ കൃത്യസമയത്ത് മാറ്റാത്ത ഗ്യാസ് ഏജൻസിയ്ക്ക് നോട്ടീസ് നൽകാനും കഴിഞ്ഞ അവലോകന യോഗത്തിൽ എടുത്ത തീരുമാനങ്ങൾ നടപ്പാക്കിയത് സംബന്ധിച്ച പുരോഗതി പരിശോധിക്കാനും യോഗത്തിൽ നടപടിയുണ്ടായി.
കടകളിൽ സാധനങ്ങൾ നിർദ്ദേശിച്ച അളവിലും തൂക്കത്തിലും നൽകുന്നുവെന്ന് ഉറപ്പുവരുത്തുന്നതിനായി അളവ് തൂക്ക നിയന്ത്രണ വിഭാഗവും ഭക്ഷ്യസുരക്ഷാ വകുപ്പും പരിശോധനകൾ തുടരും. ഇതിനുപുറമെ എക്സൈസ്, വനം-വന്യജീവി വകുപ്പുകളും സ്ക്വാഡ് പ്രവർത്തനം ഊർജിതമാക്കിയിട്ടുണ്ട്. അവലോകന യോഗത്തിൽ ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ പി.എസ് ശാന്തകുമാർ, ഡ്യൂട്ടി മജിസ്ട്രേറ്റ് എ. ബിപിൻ കുമാർ, എ.എസ്.ഒ വി. എസ് ദിനരാജ്, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

