പമ്പ നദി മലിനമാക്കിയാൽ 5,000 രൂപ വരെ തത്സമയ പിഴ; നിരോധനാജ്ഞ രണ്ട് മാസത്തേക്ക്

പമ്പ: മണ്ഡല-മകരവിളക്ക് തീർത്ഥാടന കാലയളവിൽ പമ്പ നദിയിലെയും സ്നാനഘട്ടങ്ങളിലെയും മലിനീകരണം തടയുന്നതിനായി ശബരിമല എ.ഡി.എം ദിലീപ് കെ. കൈനിക്കര നിരോധനാജ്ഞ പുറപ്പെടുവിച്ചു. നവംബർ 22 മുതൽ രണ്ട് മാസത്തേക്കാണ് നിരോധനാജ്ഞ പ്രാബല്യത്തിലുണ്ടാകുക. നിരോധനം ലംഘിക്കുന്നവരിൽ നിന്ന് 5,000 രൂപ വരെ തത്സമയം പിഴ ഈടാക്കും. 15 ദിവസത്തിനകം പിഴയൊടുക്കാത്തപക്ഷം പ്രോസിക്യൂഷൻ ഉൾപ്പെടെയുള്ള കർശന നിയമനടപടികൾ സ്വീകരിക്കുമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.

പമ്പയിലോ കൈവഴികളിലോ സ്നാനഘട്ടങ്ങളിലോ ഉപയോഗിച്ച വസ്ത്രങ്ങളോ തുണിത്തരങ്ങളോ മറ്റ് വ്യക്തിഗത വസ്തുക്കളോ ഉപേക്ഷിക്കാനോ തള്ളാനോ പാടില്ല. നദിയിലോ തീരങ്ങളിലോ പൊതുസ്ഥലങ്ങളിലോ പ്ലാസ്റ്റിക്, ഖര, ജൈവ മാലിന്യങ്ങൾ നിക്ഷേപിക്കുന്നതും കർശനമായി നിരോധിച്ചിട്ടുണ്ട്. ബി.എൻ.എസ്.എസ് സെക്ഷൻ 163, കേരള പഞ്ചായത്ത് രാജ് ആക്ട് എന്നിവ പ്രകാരമാണ് ഉത്തരവ് ലംഘിച്ച് നദി മലിനമാക്കുന്നവരിൽ നിന്നും മാലിന്യങ്ങൾ തള്ളുന്നവരിൽ നിന്നും 5,000 രൂപ വരെ തത്സമയ പിഴ ഈടാക്കുക.

പമ്പ, നിലയ്ക്കൽ, സന്നിധാനം എന്നിവിടങ്ങളിലെ ലക്ഷക്കണക്കിന് തീർത്ഥാടകരുടെയും പ്രദേശവാസികളുടെയും പ്രധാന കുടിവെള്ള സ്രോതസ്സായ പമ്പ നദിയിലെ ജലം മലിനമാകുന്നതും ജലജന്യ രോഗങ്ങൾ പടരാനുള്ള സാധ്യതയും മുൻനിർത്തിയാണ് ഈ അടിയന്തര നടപടി.

ഉത്തരവ് കർശനമായി നടപ്പിലാക്കുന്നതിനും നദീതീരങ്ങളിലും സ്നാനഘട്ടങ്ങളിലും പരിശോധന നടത്തി നിയമലംഘകരിൽ നിന്നും പിഴ ഈടാക്കുന്നതിനുമായി പമ്പ ഡ്യൂട്ടി മജിസ്‌ട്രേറ്റ്, പമ്പ പോലീസ് സ്പെഷ്യൽ ഓഫീസർ, റാന്നി-പെരുനാട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി എന്നിവരെ അധികാരപ്പെടുത്തി. ഈടാക്കുന്ന പിഴത്തുക റാന്നി-പെരുനാട് ഗ്രാമപഞ്ചായത്ത് തനത് ഫണ്ടിൽ ഉൾപ്പെടുത്താനും തുക പൂർണ്ണമായും ശബരിമലയിലെയും പമ്പയിലെയും ശുചീകരണ, മാലിന്യ സംസ്കരണ, നദീശുദ്ധീകരണ പ്രവർത്തനങ്ങൾക്കായി മാത്രം വിനിയോഗിക്കാനും ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *