പാലാ: പാലാ കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ ബസ് സമയവിവരങ്ങൾ കൃത്യതയോടെ യാത്രക്കാരിലേക്ക് എത്തിക്കുന്ന അനൗൺസ്മെന്റ് സംവിധാനം ശ്രദ്ധേയമാകുന്നു. പൂഞ്ഞാർ തമ്പലക്കാട് സ്വദേശിയും കെഎസ്ആർടിസി ജീവനക്കാരനുമായ അരുൺ കെ.എമ്മിന്റെ സാങ്കേതിക മികവാണ് ഈ നേട്ടത്തിന് പിന്നിൽ.
2003–2006 കാലയളവിൽ കമ്പ്യൂട്ടർ സോഫ്റ്റ്വെയർ എൻജിനീയറിങ് പഠനം പൂർത്തിയാക്കിയ അരുൺ, സാങ്കേതികവിദ്യ സാധാരണക്കാർക്ക് ഉപകാരപ്പെടണമെന്ന ലക്ഷ്യത്തോടെയാണ് പ്രവർത്തനങ്ങൾ തുടങ്ങിയത്. ബൈബിൾ വചനങ്ങൾ കേൾക്കാൻ സഹായിക്കുന്ന ‘വചനപ്പെട്ടി’ ആപ്പ് വികസിപ്പിച്ചുകൊണ്ടായിരുന്നു തുടക്കം. തുടർന്ന് കെഎസ്ആർടിസിയിൽ കണ്ടക്ടറായി ജോലി ചെയ്യുന്നതിനിടെയാണ് ബസുകളുടെ സമയവിവരങ്ങൾ കാര്യക്ഷമമായി യാത്രക്കാരെ അറിയിക്കാൻ സഹായിക്കുന്ന ഒരു സോഫ്റ്റ്വെയറിന്റെ ആവശ്യകത തിരിച്ചറിഞ്ഞത്. ഇതേത്തുടർന്ന് വികസിപ്പിച്ച ‘കെഎസ്ആർടിസി ട്രംപറ്റ്’ ആപ്പിലൂടെ ബസ് സർവീസുകളെക്കുറിച്ചുള്ള വിവരങ്ങൾ യാത്രക്കാരിലേക്ക് കൂടുതൽ ക്രമബദ്ധമായി എത്തിക്കാൻ സാധിക്കുന്നുണ്ട്.
ജോലിക്കൊപ്പം പുതിയ ആശയങ്ങൾ കണ്ടെത്താൻ സമയം വിനിയോഗിക്കുന്ന അരുൺ, സ്കൂളുകളുടെ പ്രവർത്തനങ്ങൾ ക്രമബദ്ധമായി നിയന്ത്രിക്കാൻ സഹായിക്കുന്ന ‘സ്കൂൾ ട്രംപറ്റ്’ എന്ന ആപ്പ് തയ്യാറാക്കുന്നതിന്റെ തിരക്കിലാണ് ഇപ്പോൾ. ഈ സാങ്കേതിക മുന്നേറ്റങ്ങൾക്ക് പാലാ കെഎസ്ആർടിസി സ്റ്റേഷൻ മാസ്റ്റർ ഡെയ്സൺ ജോസഫിന്റെയും സഹപ്രവർത്തകരുടെയും പൂർണ്ണ പിന്തുണയും ലഭിക്കുന്നുണ്ട്.
ഭാര്യ രേഷ്മയും മക്കളായ അനന്തകൃഷ്ണനും ഗൗതംകൃഷ്ണനും അടങ്ങുന്നതാണ് അരുണിന്റെ കുടുംബം. ജോലി ഉപജീവനമാർഗ്ഗം എന്നതിനപ്പുറം സമൂഹത്തിന് പ്രയോജനപ്പെടുന്ന ആശയങ്ങൾ കണ്ടെത്താനുള്ള വേദി കൂടിയാണെന്ന് തെളിയിക്കുകയാണ് ഈ ജീവനക്കാരൻ.

