ചെന്നൈ: ഭർത്താവ് പോകുന്നിടത്തെല്ലാം വോഡഫോൺ പരസ്യത്തിലെ പഗ് നായയെപ്പോലെ ഭാര്യ കൂടെപ്പോകണമെന്ന് പ്രതീക്ഷിക്കാനാകില്ലെന്ന് മദ്രാസ് ഹൈക്കോടതി. ഭാര്യയെ ഒപ്പം കൂട്ടാതെ ശിവഗംഗയിൽ നിന്ന് മുംബൈയിലേക്ക് ജോലി ആവശ്യത്തിനായി പോയെന്ന കാരണം ചൂണ്ടിക്കാട്ടി ഭർത്താവിന്റെ വിവാഹമോചന ഹർജി തള്ളിയ കുടുംബകോടതി ഉത്തരവ് റദ്ദാക്കിക്കൊണ്ടാണ് ഹൈക്കോടതി ഈ സുപ്രധാന നിരീക്ഷണം നടത്തിയത്. ജസ്റ്റിസ് ജി.ആർ. സ്വാമിനാഥൻ, ജസ്റ്റിസ് എം.ഡി. സൗമതി എന്നിവരടങ്ങുന്ന ബെഞ്ചാണ് ഹർജി പരിഗണിച്ചത്.
ജീവിതത്തിന്റെ എല്ലാ ഘട്ടങ്ങളിലും ഭാര്യയും ഭർത്താവും എപ്പോഴും ഒന്നിച്ച് ജീവിക്കണം എന്നത് നിർബന്ധിത വ്യവസ്ഥയല്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. പ്രത്യേകിച്ച് ജോലി സംബന്ധമായ ആവശ്യങ്ങൾ, വ്യക്തിപരമായ ഉത്തരവാദിത്തങ്ങൾ തുടങ്ങിയ സാഹചര്യങ്ങളിൽ ദമ്പതികൾക്ക് പരസ്പരം മാറിനിൽക്കേണ്ടി വരാറുണ്ട്. ഭർത്താവ് ഒരു സൈനികനാണെങ്കിൽ അതിർത്തിയിലെ ക്യാമ്പുകളിൽ ഭാര്യയെ ഒപ്പം താമസിപ്പിക്കാൻ സാധിച്ചെന്നു വരില്ലെന്ന ഉദാഹരണവും കോടതി ചൂണ്ടിക്കാട്ടി. കൂടാതെ ഭാര്യയ്ക്ക് സ്വന്തമായി ജോലിയോ മറ്റു ഉത്തരവാദിത്തങ്ങളോ ഉണ്ടാകാമെന്നും കോടതി നിരീക്ഷിച്ചു.

