അഭിമന്യു വധക്കേസ്: 16 പ്രതികളും കോടതിയിൽ ഹാജരായി; കുറ്റം നിഷേധിച്ചു

കൊച്ചി: മഹാരാജാസ് കോളജ് വിദ്യാർഥി അഭിമന്യു കൊല്ലപ്പെട്ട കേസിൽ 16 പ്രതികളും കോടതിയിൽ ഹാജരായി. നേരത്തെ രണ്ടുതവണ ഹാജരാകാൻ നിർദേശിച്ചിട്ടും പ്രതികൾ ഹാജരാകാത്തതിനെ തുടർന്ന് കർശന നടപടി സ്വീകരിക്കുമെന്ന് വിചാരണക്കോടതി മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ക്യാംപസ് ഫ്രണ്ട്, പോപ്പുലർ ഫ്രണ്ട് പ്രവർത്തകരായ പ്രതികൾ കോടതിയിലെത്തിയത്.

പ്രതികൾക്കെതിരെ പുതുതായി ചുമത്തിയ കുറ്റങ്ങൾ കോടതി വായിച്ചുകേൾപ്പിച്ചു. എന്നാൽ പ്രതികൾ കുറ്റം നിഷേധിച്ചു. കേസ് തിങ്കളാഴ്ച വീണ്ടും പരിഗണിക്കും. വിചാരണ 17ന് നടത്താനും കോടതി തീരുമാനിച്ചിട്ടുണ്ട്.

2018 ജൂലൈ രണ്ടിനാണ് മഹാരാജാസ് കോളജ് ക്യാംപസിലെ ചുവരെഴുത്തുമായി ബന്ധപ്പെട്ട തർക്കത്തിനിടെ അഭിമന്യു കുത്തേറ്റ് മരിച്ചത്. കേസിലെ പ്രധാന രേഖകൾ കോടതി കസ്റ്റഡിയിൽനിന്ന് കാണാതായത് നേരത്തെ വിവാദമായിരുന്നു. പിന്നീട് രേഖകൾ പുനഃസൃഷ്ടിച്ച ശേഷമാണ് വിചാരണ നടപടികളിലേക്ക് കടന്നത്.

വിചാരണ വൈകുന്നതിനെതിരെ അഭിമന്യുവിന്റെ മാതാപിതാക്കൾ ഹൈക്കോടതിയെ സമീപിച്ചിരുന്നു. തുടർന്ന് ഒൻപത് മാസത്തിനുള്ളിൽ നടപടികൾ പൂർത്തിയാക്കാൻ ഹൈക്കോടതി നിർദേശിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *