വാഷിംഗ്ടൺ: ആഗോള ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിന്റെ (ISIS) രണ്ടാമത്തെ പരമോന്നത നേതാവും ആഗോള ഉപമേധാവിയുമായ അബു ബിലാൽ അൽ മിനുകിയെ യുഎസ് – നൈജീരിയൻ സംയുക്ത സേന വധിച്ചു. വെള്ളിയാഴ്ച രാത്രി തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ‘ട്രൂത്ത് സോഷ്യൽ’ വഴിയാണ് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഈ നിർണായക വിവരം പുറത്തുവിട്ടത്.
ലോകത്തിലെ ഏറ്റവും സജീവമായ ഭീകരനെ യുദ്ധക്കളത്തിൽ നിന്നും ഇല്ലാതാക്കാൻ തന്റെ നിർദ്ദേശപ്രകാരം ധീരരായ അമേരിക്കൻ സൈന്യവും നൈജീരിയൻ സായുധ സേനയും ചേർന്ന് അതീവ സങ്കീർണ്ണവും കൃത്യവുമായ ഒരു സൈനിക ഓപ്പറേഷൻ വിജയകരമായി പൂർത്തിയാക്കിയതായി ട്രംപ് അറിയിച്ചു. ആഫ്രിക്കയിൽ ഒളിച്ചുതാമസിക്കാൻ കഴിഞ്ഞാൽ രക്ഷപ്പെടാമെന്നാണ് അബു ബിലാൽ കരുതിയിരുന്നത്, എന്നാൽ അദ്ദേഹത്തിന്റെ ഓരോ നീക്കങ്ങളും തങ്ങളുടെ ചാരന്മാർ നിരീക്ഷിക്കുന്നുണ്ടായിരുന്നുവെന്ന് ട്രംപ് കൂട്ടിച്ചേർത്തു. നൈജീരിയൻ പൗരനായ അൽ മിനുകിയെ 2023-ൽ മുൻ ബൈഡൻ ഭരണകൂടമാണ് ആഗോള ഭീകരനായി പ്രഖ്യാപിച്ചതും യുഎസ് ഉപരോധങ്ങൾ ഏർപ്പെടുത്തിയതും. ഐസിസിന്റെ ആഗോള തലത്തിലുള്ള ഫണ്ടിംഗും പ്രവർത്തനങ്ങളും നിയന്ത്രിക്കുന്ന പ്രധാന സമിതിയിലെ മുതിർന്ന നേതാവായിരുന്നു ഇയാൾ.
അൽ മിനുകിയുടെ വധത്തോടെ ഐസിസിന്റെ അന്താരാഷ്ട്ര തലത്തിലുള്ള ഭീകരപ്രവർത്തനങ്ങൾക്ക് വലിയ തിരിച്ചടിയാണ് നേരിട്ടിരിക്കുന്നത്. ഓപ്പറേഷനിൽ പങ്കാളികളായ നൈജീരിയൻ സർക്കാരിന് ട്രംപ് നന്ദി അറിയിച്ചെങ്കിലും, ആക്രമണം എവിടെയാണ് നടന്നതെന്നോ ഏതുതരം സൈനിക നീക്കമാണ് നടത്തിയതെന്നോ ഉള്ള വിശദാംശങ്ങൾ വെളിപ്പെടുത്തിയിട്ടില്ല. നൈജീരിയയിൽ ഇസ്ലാമിക തീവ്രവാദികൾക്കെതിരെ പോരാടുന്നതിന് പരിശീലനവും രഹസ്യാന്വേഷണ വിവരങ്ങളും നൽകാനായി കഴിഞ്ഞ ഡിസംബർ മുതൽ 200 യുഎസ് സൈനികരെയും ഡ്രോണുകളെയും വാഷിംഗ്ടൺ അവിടെ വിന്യസിച്ചിരുന്നു. ഈ സൈനികർ നേരിട്ടുള്ള യുദ്ധങ്ങളിൽ പങ്കെടുക്കാറില്ലെന്നാണ് നൈജീരിയൻ സൈനിക വക്താക്കൾ മുൻപ് വ്യക്തമാക്കിയിരുന്നത്.

