സ്വകാര്യ ബസ് നടപ്പാതയിലേക്ക് ഇടിച്ചുകയറി അപകടം; പരിക്കേറ്റ 19-കാരി മരിച്ചു,ഡ്രൈവർ പിടിയിൽ

കോട്ടയം: ജില്ലാ ജനറൽ ആശുപത്രിക്ക് സമീപം ചന്തക്കവലയിൽ അമിതവേഗത്തിലെത്തിയ സ്വകാര്യ ബസ് നടപ്പാതയിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ പരിക്കേറ്റ യുവതി മരിച്ചു. നട്ടാശേരി പാറയിൽ അജയന്റെ മകൾ അഞ്ജലി (19) ആണ് മരിച്ചത്. കോട്ടയം മെഡിക്കൽ കോളജ് സർജിക്കൽ ഐസിയുവിൽ വെന്റിലേറ്ററിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. ചന്തക്കവലയ്ക്ക് സമീപമുള്ള സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായിരുന്നു. മാതാവ് മരിച്ചതിനുശേഷം വലിയമ്മയോടൊപ്പമായിരുന്നു അഞ്ജലി താമസിച്ചിരുന്നത്.

വെള്ളിയാഴ്ച രാത്രി ഏഴു മണിയോടെയായിരുന്നു നാടിനെ നടുക്കിയ അപകടം. നാഗമ്പടം സ്റ്റാൻഡിൽ നിന്ന് ചങ്ങനാശേരി ഭാഗത്തേക്ക് പോകുകയായിരുന്ന ‘തണ്ടപ്ര’ എന്ന സ്വകാര്യ ബസാണ് നിയന്ത്രണം വിട്ട് നടപ്പാതയിലേക്ക് ഇടിച്ചുകയറിയത്. അപകടത്തിൽ അഞ്ജലി ഉൾപ്പെടെ അഞ്ച് സ്ത്രീകൾക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ബസ് കാത്തുനിന്നവർക്കും വഴിയാത്രക്കാർക്കുമാണ് പരിക്കേറ്റത്. ചാറ്റൽമഴയുണ്ടായിരുന്നതിനാൽ സമീപത്തെ കടത്തിണ്ണയിലേക്ക് ആളുകൾ കയറിനിന്നത് വൻദുരന്തം ഒഴിവാക്കി.

ബസിനടിയിൽ കുടുങ്ങിയവരെ നാട്ടുകാരും അഗ്നിരക്ഷാസേനയും പൊലീസും ചേർന്നാണ് പുറത്തെടുത്ത് ജനറൽ ആശുപത്രിയിലേക്ക് മാറ്റിയത്. അപകടത്തിന് പിന്നാലെ ബസിൽനിന്ന് ഇറങ്ങിയോടിയ ഡ്രൈവറെ പൊലീസും നാട്ടുകാരും ചേർന്ന് പിടികൂടി.

Leave a Reply

Your email address will not be published. Required fields are marked *