ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാർട്ടി ജന്തർ മന്തറിൽ പ്രഖ്യാപിച്ച പ്രതിഷേധത്തിന് മുന്നോടിയായി തലസ്ഥാനത്ത് വൻ പൊലീസ് നടപടി. മുംബൈയിൽ നിന്ന് വിമാനമാർഗം ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ സിജെപി നേതാവ് അഭിജിത് ദീപ്കെയെ വിമാനത്തിനുള്ളിൽ കയറിയാണ് ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്തത്. മറ്റ് നേതാക്കളായ സൗരവ് ദാസ്, അശുതോഷ് റാങ്ക എന്നിവരെയും പൊലീസ് ഒപ്പം കസ്റ്റഡിയിൽ എടുത്തു.
“അറസ്റ്റ് വരിക്കാൻ തന്നെയാണ് ഞാൻ വന്നത്, എനിക്ക് നിങ്ങളെ ഭയമില്ല” എന്ന് കസ്റ്റഡിയിലെടുക്കുന്നതിന് തൊട്ടുമുമ്പ് ദീപ്കെ പ്രതികരിച്ചു. തുടർന്ന്, ഇന്ദിരാഗാന്ധി പോലും രാജ്യത്ത് ഇത്തരമൊരു നടപടി സ്വീകരിച്ചിട്ടില്ലെന്ന് അദ്ദേഹം വിമർശിച്ചു. സമരം തടയുന്നതിനായി മുൻകൂട്ടി ആസൂത്രണം ചെയ്ത നടപടിയാണിതെന്നും സഞ്ചാരസ്വാതന്ത്ര്യത്തിന്റെ കടുത്ത ലംഘനമാണിതെന്നും ആരോപിച്ച സിജെപി, നേതാക്കളെ ഉപാധികളില്ലാതെ ഉടൻ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ടു.
നേരത്തെ, പ്രതിഷേധത്തിന്റെ ഭാഗമാകാനെത്തിയ പ്രമുഖ യൂട്യൂബർ ധ്രുവ് റാഠിയെ ഗുരുഗ്രാമിലെ സെക്ടർ 56-ലുള്ള വസതിയിൽ നിന്ന് പുലർച്ചെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. അർധരാത്രി മുതൽ വൻ പൊലീസ് സംഘം വീടിന് മുന്നിൽ നിലയുറപ്പിച്ച ശേഷമായിരുന്നു നടപടി. ഇതിനുപുറമേ, കേരള ഹൗസിന് മുന്നിൽ മാർച്ചൊരുക്കുന്നതിനിടെ സിപിഎം നേതാക്കളായ എം.എ. ബേബി, പിണറായി വിജയൻ, എം.വി. ഗോവിന്ദൻ, ബൃന്ദ കാരാട്ട്, ജോൺ ബ്രിട്ടാസ് എന്നിവരടക്കം നിരവധി നേതാക്കളെയും പ്രവർത്തകരെയും പൊലീസ് കസ്റ്റഡിയിലെടുത്തു.
പ്രതിഷേധത്തിന് അനുമതിയില്ലെന്ന് വ്യക്തമാക്കിയ ഡൽഹി പൊലീസ് ജന്തർ മന്തറിൽ 25,000-ത്തോളം സുരക്ഷാ ഉദ്യോഗസ്ഥരെയാണ് വിന്യസിച്ചിരിക്കുന്നത്. മുൻകരുതലിന്റെ ഭാഗമായി രാജീവ് ചൗക്ക്, ന്യൂഡൽഹി, സെൻട്രൽ സെക്രട്ടേറിയറ്റ്, കശ്മീരി ഗേറ്റ് ഉൾപ്പെടെ 45 മെട്രോ സ്റ്റേഷനുകൾ അടയ്ക്കുകയും 250-ഓളം ട്രെയിനുകൾ റദ്ദാക്കുകയും ചെയ്തിട്ടുണ്ട്. ജൻപഥ്–കർത്തവ്യ പഥ് മേഖലയിൽ 4 കിലോമീറ്റർ ചുറ്റളവിൽ ഇന്റർനെറ്റ് സേവനങ്ങളും താൽക്കാലികമായി റദ്ദാക്കി.

