തലസ്ഥാനത്ത് യുദ്ധസമാന അന്തരീക്ഷമെന്ന് ശശി തരൂർ; ജെൻ-സി അർഹിക്കുന്നത് അപ്രഖ്യാപിത അടിയന്തരാവസ്ഥയല്ല

ന്യൂഡൽഹി: ദേശീയ തലസ്ഥാനത്ത് നിലനിൽക്കുന്ന അസാധാരണ നിയന്ത്രണങ്ങൾക്കെതിരെയും പൊലീസ് നടപടിക്കെതിരെയും രൂക്ഷവിമർശനവുമായി കോൺഗ്രസ് നേതാവ് ശശി തരൂർ എംപി. ഡൽഹി ഇപ്പോൾ നേരിടുന്നത് അപൂർവ്വമായ സാഹചര്യമാണെന്നും തലസ്ഥാന നഗരം ഒരു കോട്ടപോലെ മാറിയിരിക്കുകയാണെന്നും അദ്ദേഹം എക്സിൽ (ട്വിറ്റർ) കുറിച്ചു. പുലർച്ചെ രണ്ട് മണിക്ക് ശേഷം ഡൽഹിയിൽ തിരിച്ചെത്തിയപ്പോൾ നേരിൽക്കണ്ട കാഴ്ചകൾ പങ്കുവെച്ചുകൊണ്ടായിരുന്നു തരൂരിന്റെ പ്രതികരണം.

ഓരോ നൂറ് മീറ്ററിലും ചെക്ക്പോസ്റ്റുകൾ, റോഡുകളിൽ കോൺക്രീറ്റ് തടസ്സങ്ങളും ടയർ തകർക്കുന്ന സ്പൈക്ക് സ്ട്രിപ്പുകളും, 22,000-ത്തോളം പൊലീസുകാരെയും അർദ്ധസൈനികരെയും വിന്യസിച്ചുകൊണ്ടുള്ള യുദ്ധസമാനമായ അന്തരീക്ഷമാണ് നഗരത്തിലുള്ളതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രതിഷേധക്കാരെ ഭയന്ന് 250 ട്രെയിനുകൾ റദ്ദാക്കുകയും 45 മെട്രോ സ്റ്റേഷനുകൾ അടച്ചിടുകയും ചെയ്തിരിക്കുകയാണ്. ഇതിനുപുറമേ ഡൽഹിയിലും പരിസരപ്രദേശങ്ങളിലും വീടുകളിൽ നിന്നും തെരുവുകളിൽ നിന്നും യുവാക്കളെ കസ്റ്റഡിയിലെടുക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നതെന്നും അദ്ദേഹം പറഞ്ഞു.

തെരഞ്ഞെടുപ്പുകളുടെ നിഷ്പക്ഷതയെയും വിശ്വാസ്യതയെയും കുറിച്ച് പൗരന്മാർ സമാധാനപരമായി ചോദ്യങ്ങൾ ഉന്നയിക്കുന്നത് തടയാനാണ് സർക്കാർ ഇത്തരമൊരു കടുത്ത നടപടി സ്വീകരിച്ചിരിക്കുന്നതെന്ന് തരൂർ വിമർശിച്ചു. ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം പൂർണ്ണമായി തടയപ്പെട്ടതിനൊപ്പം, തലസ്ഥാനത്തിന്റെ ഹൃദയഭാഗത്ത് ഇന്റർനെറ്റ് സേവനം റദ്ദാക്കിയതാണ് ഏറ്റവും വലിയ അടിച്ചമർത്തലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പൗരന്മാർക്ക് സമാധാനപരമായി സമരം ചെയ്യാൻ അനുവദിച്ചിട്ടുള്ള ജന്തർ മന്ദറിലേക്കുള്ള വഴികൾ പോലും നിരോധിത മേഖലകളാക്കി മാറ്റിയിരിക്കുകയാണ്.

നഗരത്തിൽ സ്ത്രീകൾക്ക് യഥാർത്ഥ സുരക്ഷ ആവശ്യമുള്ള സന്ദർഭങ്ങളിൽ കാണാത്ത സേനാവിന്യാസവും അടിയന്തര നടപടികളുമാണ് ഇപ്പോൾ കാണുന്നതെന്നും സ്ത്രീകൾ അത് ചോദ്യം ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കസ്റ്റഡിയിലെടുത്തവരെ ഉടൻ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട തരൂർ, “അപ്രഖ്യാപിത അടിയന്തരാവസ്ഥയേക്കാൾ (Undeclared Emer-GenZ) മികച്ചതൊന്ന് ലഭിക്കാൻ നമ്മുടെ ജെൻ-സി (Gen-Z) അർഹരാണ്” എന്നും ഓർമ്മിപ്പിച്ചു.

തെരഞ്ഞെടുപ്പിന്റെ വിശ്വാസ്യതയിൽ പൂർണ്ണ ആത്മവിശ്വാസമുള്ള ഒരു സർക്കാർ ജനങ്ങളുടെ ചോദ്യങ്ങളെ സ്വാഗതം ചെയ്യുകയാണ് വേണ്ടത്. ചോദ്യങ്ങളെ ഭയന്ന് തലസ്ഥാനത്തെ കോട്ടയാക്കി മാറ്റുന്നത് സംശയങ്ങൾ കൂടുതൽ വർധിപ്പിക്കുമെന്നും സർക്കാർ നൽകേണ്ടത് ലാത്തിയടിയല്ല, മറിച്ച് ഉത്തരങ്ങളാണെന്നും തരൂർ കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *