ഇടുക്കി: സഞ്ചാരികൾ അപകടത്തിൽപ്പെട്ട് മുങ്ങിമരിക്കുന്ന സംഭവങ്ങൾ ആവർത്തിക്കുന്ന സാഹചര്യത്തിൽ ഇടുക്കി ജില്ലയിലെ ഉടുമ്പൻചോല തൂവൽ വെള്ളച്ചാട്ടത്തിൽ സന്ദർശകർക്ക് നിയന്ത്രണം ഏർപ്പെടുത്തി. വെള്ളച്ചാട്ടത്തിൽ മതിയായ സുരക്ഷാ സംവിധാനങ്ങൾ ഇല്ലാത്തതിനാൽ പൊതുജനങ്ങളുടെ പ്രവേശനം പൂർണമായും നിരോധിക്കണമെന്ന ഉടുമ്പൻചോല തഹസിൽദാരുടെ റിപ്പോർട്ട് കണക്കിലെടുത്താണ് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർമാൻ കൂടിയായ ജില്ലാ കളക്ടർ ഡോ. ദിനേശൻ ചെറുവാട്ട് വിലക്കേർപ്പെടുത്തിയത്. ഇതോടെ തൂവൽ വെള്ളച്ചാട്ടത്തിലേക്കും അപകടസാധ്യതയുള്ള പരിസരപ്രദേശങ്ങളിലേക്കും പ്രവേശിക്കുന്നതിനും കുളിക്കുന്നതുൾപ്പെടെയുള്ള വിനോദപ്രവർത്തനങ്ങൾക്കും പൂർണ നിരോധനമുണ്ടാകും.
വെള്ളച്ചാട്ടത്തിലെ ജലത്തിന്റെ ആഴം, ഒഴുക്കിന്റെ ശക്തി, പാറക്കെട്ടുകളുടെ സ്വഭാവം, വെള്ളത്തിനടിയിലെ അപകടസാധ്യതകൾ തുടങ്ങിയവ സന്ദർശകർക്ക് തിരിച്ചറിയാൻ കഴിയുന്നില്ലെന്ന് തഹസിൽദാരുടെ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. കൂടാതെ ആവശ്യമായ സുരക്ഷാ സംവിധാനങ്ങൾ, അപകടമുന്നറിയിപ്പ് ബോർഡുകൾ, പ്രവേശന നിയന്ത്രണ സംവിധാനങ്ങൾ, അപകടസാധ്യതയുള്ള ഭാഗങ്ങളിലേക്കുള്ള പ്രവേശനം തടയുന്നതിനുള്ള സംവിധാനങ്ങൾ എന്നിവയും ഇവിടെ നിലവിലില്ല. അതിനാൽ അപകടസാധ്യത സംബന്ധിച്ച് അറിവില്ലാത്ത വിനോദസഞ്ചാരികളും പൊതുജനങ്ങളും ഇവിടെ പ്രവേശിക്കുന്നത് കൂടുതൽ ജീവഹാനിക്ക് ഇടയാക്കുമെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കളക്ടറുടെ നടപടി. കഴിഞ്ഞയാഴ്ച അപകടത്തിൽപ്പെട്ട അശ്വിൻ ഉൾപ്പെടെ ഇതുവരെ പതിമൂന്നിലധികം പേരാണ് തൂവൽ വെള്ളച്ചാട്ടത്തിൽ മുങ്ങിമരിച്ചിട്ടുള്ളത്.

