കൊച്ചി: മഹാനഗരത്തിന്റെ തിരക്കുകളിൽനിന്ന് മാറി കായൽപ്പരപ്പിലൂടെ ഉല്ലാസയാത്ര ആസ്വദിക്കാൻ സംസ്ഥാന ജലഗതാഗത വകുപ്പിന്റെ ‘സൗര-2’ സോളാർ ബോട്ട് സർവീസ് സഞ്ചാരികളുടെയും കൊച്ചി നിവാസികളുടെയും ശ്രദ്ധയാകർഷിക്കുന്നു. സർക്കാരിന്റെ നൂറുദിന കർമ്മപരിപാടിയുടെ ഭാഗമായി ആവിഷ്കരിച്ച് നടപ്പിലാക്കിയ ഈ പദ്ധതിയിലൂടെ, പ്രകൃതിക്കിണങ്ങുന്ന രീതിയിൽ പൂർണമായും സൗരോർജത്തിൽ പ്രവർത്തിക്കുന്ന ബോട്ടിലാണ് യാത്രയൊരുക്കിയിരിക്കുന്നത്. വ്യാവസായിക നഗരത്തിന്റെ ഉൾക്കാഴ്ചകൾ ആസ്വദിക്കാൻ ദിവസവും രണ്ട് നേരമാണ് സവാരി നടത്തുന്നത്. ഒരേസമയം 30 പേർക്ക് സഞ്ചരിക്കാവുന്ന വിധത്തിലാണ് ‘സൗര-2’ രൂപകൽപ്പന ചെയ്തിട്ടുള്ളത്.
രാവിലെ 11 മണിക്ക് എറണാകുളം ബോട്ട് ജെട്ടിയിൽനിന്ന് ആരംഭിക്കുന്ന ‘സീ കൊച്ചിൻ’ (See Cochin) ആണ് ആദ്യ സർവീസ്. വില്ലിംഗ്ടൺ ഐലന്റ്, വല്ലാർപാടം കണ്ടെയ്നർ ടെർമിനൽ, പോർട്ട് സൈഡ്, അഴിമുഖം തുടങ്ങിയ കൊച്ചിയുടെ വിസ്മയക്കാഴ്ചകളിലൂടെ സഞ്ചരിച്ച് ഫോർട്ട് കൊച്ചിയിലെത്തുന്ന ബോട്ട്, സഞ്ചാരികൾക്ക് അവിടെ അരമണിക്കൂർ ചെലവഴിക്കാൻ അവസരമൊരുക്കിയ ശേഷം തിരികെ എറണാകുളത്ത് എത്തിച്ചേരും. ഒരാൾക്ക് 200 രൂപയാണ് ഈ യാത്രയുടെ ടിക്കറ്റ് നിരക്ക്.
വൈകീട്ട് മൂന്ന് മണിക്ക് ആരംഭിച്ച് നാല് മണിക്കൂർ നീണ്ടുനിൽക്കുന്ന ‘സീ കടമക്കുടി’ (See Kadamakkudy) ആണ് രണ്ടാമത്തെ സർവീസ്. ബോൾഗാട്ടി പാലസ്, മുളവുകാട്, കോരമ്പാടം (കുറങ്കോട്ട) തുടങ്ങി പ്രകൃതിഭംഗിയാൽ ചുറ്റപ്പെട്ട ഇടങ്ങൾ താണ്ടി സൂര്യാസ്തമയത്തിന്റെ ദൃശ്യസൗന്ദര്യം തുളുമ്പുന്ന കടമക്കുടിയിലെത്തി രാത്രി എട്ട് മണിയോടെ ബോട്ട് തിരികെയെത്തും. ഒരാൾക്ക് 300 രൂപയാണ് ഇതിന്റെ ടിക്കറ്റ് ചാർജ്. ഈ രണ്ടാം ഘട്ട യാത്രയിൽ കടമക്കുടിയിലെ ജോൺസ് ഹാവെൻ റിസോർട്ടിൽ താല്പര്യമുള്ളവർക്ക് മത്സ്യവിഭവങ്ങൾ ഉൾപ്പെടുന്ന ഭക്ഷണം ആസ്വദിക്കാനും, 100 രൂപ ചെലവഴിച്ച് കയാക്കിംഗ്, ഫിഷിംഗ്, റിഫ്രഷ്മെന്റ് എന്നിവയ്ക്കുള്ള സൗകര്യവും ജലഗതാഗത വകുപ്പ് ഒരുക്കുന്നുണ്ട്. ജലയാത്രയ്ക്കായി 9400050351, 9400050350 എന്നീ നമ്പറുകളിൽ മുൻകൂട്ടി ബുക്ക് ചെയ്യാം.

