തിരുവനന്തപുരം: ഹിമാചൽ പ്രദേശിൽ നിന്ന് വൈദ്യുതി വാങ്ങുമ്പോഴുണ്ടാകുന്ന 2232 കോടി രൂപയുടെ അധിക സാമ്പത്തിക ബാധ്യത ഒഴിവാക്കാനാണ് സ്വകാര്യ കമ്പനിയായ ജി.എൻ.എ വഴി വൈദ്യുതി വാങ്ങാൻ തീരുമാനിച്ചതെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ വ്യക്തമാക്കി. മുൻപ് പിണറായി വിജയൻ മുഖ്യമന്ത്രിയായിരുന്ന കാലത്തും ഇതേ കമ്പനിയിൽ നിന്നാണ് വൈദ്യുതി വാങ്ങിയിരുന്നതെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിസഭാ യോഗത്തിന് ശേഷം നടത്തിയ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
വൈദ്യുതി വാങ്ങലുമായി ബന്ധപ്പെട്ട് രണ്ട് ഫയലുകളാണ് സർക്കാരിന്റെ പരിഗണനയ്ക്ക് എത്തിയത്. ഹിമാചൽ പ്രദേശിൽ നിന്ന് യൂണിറ്റിന് 14.50 രൂപ നിരക്കിൽ വാങ്ങാനുള്ളതായിരുന്നു ഒന്ന്. രണ്ടാമത്തേത് പവർ ട്രേഡിങ് കോർപ്പറേഷൻ വഴി ജി.എൻ.എയിൽ നിന്ന് യഥാക്രമം 8.63 രൂപയ്ക്കും 8.90 രൂപയ്ക്കും വാങ്ങാനുള്ള നിർദ്ദേശമായിരുന്നു. ഇത് നേരിട്ട് സർക്കാരുമായുള്ള ഇടപാടല്ലെന്നും പവർ ട്രേഡിങ് കോർപ്പറേഷൻ വഴിയുള്ളതാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 8 രൂപയ്ക്ക് ലഭിക്കുന്ന വൈദ്യുതി ഉപേക്ഷിച്ച് 14 രൂപ നിരക്കിലുള്ളത് വാങ്ങിയാൽ സർക്കാരിന് വൻ സാമ്പത്തിക ബാധ്യത വരുമെന്നതിനാലാണ് കുറഞ്ഞ നിരക്കിൽ വൈദ്യുതി ലഭ്യമാക്കാൻ സർക്കാർ മുൻഗണന നൽകിയത്.
സാമ്പത്തിക ബാധ്യത കണക്കാക്കിയാൽ ജി.എൻ.എ വഴി വാങ്ങുമ്പോൾ 2.6 രൂപയുടെ മാത്രം അധിക ബാധ്യത വരുമ്പോൾ, ഹിമാചൽ പ്രദേശിൽ നിന്നുള്ള കരാർ വഴിയാണെങ്കിൽ അത് 8.5 രൂപയായി ഉയരും. കൂടാതെ, ഉപയോഗം വർധിക്കുന്ന പീക്ക് സമയങ്ങളിൽ ഹിമാചലിൽ നിന്ന് 353 മെഗായൂണിറ്റ് വൈദ്യുതി ലഭിക്കുമ്പോൾ, ജി.എൻ.എ വഴി 453 മെഗായൂണിറ്റ് വൈദ്യുതി ലഭ്യമാകുമെന്ന നേട്ടവുമുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
പിണറായി വിജയൻ മുഖ്യമന്ത്രിയായിരുന്ന 2025-ലും ഇതേ കമ്പനിയിൽ നിന്ന് വൈദ്യുതി വാങ്ങിയിട്ടുണ്ട്. അദ്ദേഹത്തിന്റെ ഭരണകാലത്ത് എൻ.ടി.പി.സി.യിൽ നിന്ന് വളരെ കുറഞ്ഞ അളവിലാണ് വാങ്ങിയത്. ബാക്കി ഭൂരിഭാഗവും ജിൻഡാൽ, അദാനി, ജി.എൻ.എ ഉൾപ്പെടെയുള്ള സ്വകാര്യ കമ്പനികളിൽ നിന്നാണ് എത്തിച്ചത്. നിലവിൽ കെ.എസ്.ഇ.ബി. വാങ്ങുന്ന ഭൂരിഭാഗം വൈദ്യുതിയും സ്വകാര്യ കമ്പനികളിൽ നിന്നാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

