മെൽബൺ കപ്പ് ദിനത്തിൽ പ്രവാസലോകത്തിന് സാഹിത്യോത്സവത്തിന്റെ ആവേശം പകർന്ന് അക്ഷരോത്സവം 2026; പ്രൊഫ. വി. മധുസൂദനൻ നായർ വിശിഷ്ടാതിഥിയായി എത്തും

മെൽബൺ: ലോകപ്രശസ്തമായ മെൽബൺ കപ്പ് കുതിരപ്പന്തയത്തിന്റെ ആവേശത്തിലും പൊതു അവധിയുടെ ആഘോഷപ്പൊലിമയിലും മെൽബൺ നഗരം മുഴുകിയിരിക്കെ, മലയാളത്തിന്റെ സ്വന്തം അക്ഷരോത്സവത്തിന് ഒരുങ്ങി പ്രവാസി സമൂഹം. കുതിരപ്പന്തയത്തിന്റെ ആവേശം ഒരു ദിവസത്തേക്ക് മാത്രമായി ഒതുങ്ങുമ്പോൾ, വരുംതലമുറകളിലേക്ക് കൈമാറേണ്ട അക്ഷരങ്ങളുടെയും സംസ്കാരത്തിന്റെയും മഹോത്സവമായി മൂന്നാമത് ഓസ്ട്രേലിയൻ മലയാളി ലിറ്ററേച്ചർ ഫെസ്റ്റ് – ‘അക്ഷരോത്സവം 2026’ നവംബർ 21 ശനിയാഴ്ച മെൽബണിലെ ക്ലേട്ടൺ ടൗൺ ഹാളിൽ (Clayton Town Hall) അരങ്ങേറുകയാണ്. വിപഞ്ചിക ഗ്രന്ഥശാലയും മലയാളിപ്പത്രവും സംയുക്തമായാണ് ഈ സാംസ്കാരിക വിരുന്ന് സംഘടിപ്പിക്കുന്നത്.

വൈകിട്ട് 4 മണി മുതൽ രാത്രി 9 മണി വരെ നടക്കുന്ന സാഹിത്യോത്സവത്തിൽ മലയാളത്തിന്റെ പ്രിയപ്പെട്ട കവിയും പ്രഭാഷകനുമായ പ്രൊഫ. വി. മധുസൂദനൻ നായർ വിശിഷ്ടാതിഥിയായി പങ്കെടുക്കും. കവിതയുടെയും പുസ്തകങ്ങളുടെയും കലയുടെയും സമന്വയമാകുന്ന വേദിയിൽ, പുതുതലമുറയ്ക്ക് മലയാളത്തിന്റെ അക്ഷരവഴികൾ പകർന്നുനൽകുന്ന ‘അക്ഷരദീക്ഷ’യും പ്രൊഫ. വി. മധുസൂദനൻ നായരുടെ നേതൃത്വത്തിൽ പ്രായഭേദമന്യേ സംഘടിപ്പിക്കുന്ന ‘എഴുത്തിനിരുത്തൽ’ ചടങ്ങും ഈ വർഷത്തെ മുഖ്യ ആകർഷണങ്ങളാണ്.

പ്രവാസലോകത്തും മാതൃഭാഷയെയും സംസ്കാരത്തെയും ചേർത്തുപിടിക്കാനും വരുംതലമുറയ്ക്ക് അത് പകർന്നുനൽകാനുമായി ഒരുക്കുന്ന ഈ കൂട്ടായ്മയിലേക്ക് മുതിർന്നവർക്ക് 15 ഡോളറാണ് പ്രവേശന ടിക്കറ്റ് നിരക്ക്. 15 വയസ്സിൽ താഴെയുള്ള കുട്ടികൾക്കും യൂണിവേഴ്സിറ്റി വിദ്യാർത്ഥികൾക്കും പ്രവേശനം തികച്ചും സൗജന്യമാണ്.

പരിപാടിയുടെ ടിക്കറ്റുകൾ https://app.orgnyse.com.au/684/amlf-2026-3rd-edition എന്ന ലിങ്ക് വഴിയും, എഴുത്തിനിരുത്തൽ ചടങ്ങിലേക്കുള്ള രജിസ്ട്രേഷൻ https://app.orgnyse.com.au/685/ezhuthiniruthal-2026 എന്ന ലിങ്ക് വഴിയും പൂർത്തിയാക്കാം. നാടും വീടും വിട്ട് നിൽക്കുമ്പോഴും കുട്ടികൾക്ക് മാതൃഭാഷയെ പരിചയപ്പെടുത്താനും കവിതകളെയും പുസ്തകങ്ങളെയും സ്നേഹിക്കാനുമായി കുടുംബസമേതം ഈ അക്ഷരവെളിച്ചത്തിന്റെ ഭാഗമാകാൻ സംഘാടക സമിതി ഏവരെയും ക്ലേട്ടൺ ടൗൺ ഹാളിലേക്ക് സ്നേഹപൂർവ്വം സ്വാഗതം ചെയ്തു.

റിപ്പോർട്ട് : സഞ്ജയ് പരമേശ്വരൻ

Leave a Reply

Your email address will not be published. Required fields are marked *