ചെന്നൈ: നിയമസഭയിലെ പരാമർശങ്ങളുടെയും ശരീരഭാഷയുടെയും പേരിൽ തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയിനെതിരെ രൂക്ഷ വിമർശനവുമായി ഡിഎംകെ അധ്യക്ഷൻ എം.കെ. സ്റ്റാലിൻ. അടിയന്തരാവസ്ഥക്കാലത്ത് മിസ (MISA) നിയമപ്രകാരം അറസ്റ്റിലായപ്പോഴുണ്ടായ തനിക്കേറ്റ പീഡനത്തെ പരിഹസിക്കുന്ന തരത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പരാമർശവും ആംഗ്യവും എന്നാണ് സ്റ്റാലിന്റെ ആരോപണം.
നിയമസഭയിൽ പൊലീസ്, അഗ്നിരക്ഷാ സേന എന്നിവയ്ക്കായുള്ള ധനാഭ്യർഥന ചർച്ചയ്ക്ക് മറുപടി നൽകുന്നതിനിടെയാണ് വിജയ് മിസ കാലത്തെക്കുറിച്ച് പരാമർശിക്കുകയും താടിയെല്ലിന് സമീപം കൈകൊണ്ട് ആംഗ്യം കാണിക്കുകയും ചെയ്തത്. ഇത് സ്റ്റാലിനെ ലക്ഷ്യമിട്ടുള്ള പരിഹാസമാണെന്ന ആരോപണം ഉയർന്നതോടെ വിജയ് പിന്നീട് ആംഗ്യം മനഃപൂർവമല്ലെന്നും ആരെയും വേദനിപ്പിക്കാനുള്ള ഉദ്ദേശമില്ലായിരുന്നെന്നും വിശദീകരിച്ചിരുന്നു.
എന്നാൽ വിജയിന്റെ വിശദീകരണം തള്ളിയ സ്റ്റാലിൻ, ചരിത്രം മാറ്റാനാകില്ലെന്ന് പ്രതികരിച്ചു. മിസ കാലത്തെ തന്റെ ജയിൽവാസവും അന്ന് നേരിട്ട ക്രൂരമായ മർദനവും ചൂണ്ടിക്കാട്ടിയ അദ്ദേഹം, മുഖ്യമന്ത്രിയുടെ പദവിയുടെ അന്തസ്സിന് അനുസരിച്ച് സംസാരിക്കണമെന്നും ആവശ്യപ്പെട്ടു. നിയമസഭയെ റീൽ ചിത്രീകരണത്തിനുള്ള വേദിയാക്കി മാറ്റരുതെന്നും സ്റ്റാലിൻ വിമർശിച്ചു.
അതേസമയം, വിജയിന്റെ ആംഗ്യത്തിനെതിരെ വിടുതലൈ ചിരുതൈഗൾ കക്ഷി നേതാവ് തോൽ തിരുമാവളവനും രംഗത്തെത്തിയിരുന്നു. ആ ശരീരഭാഷ മാനുഷിക മൂല്യങ്ങൾക്കും പദവിയുടെ അന്തസ്സിനും യോജിച്ചതല്ലെന്നും മിസ കാലത്തെക്കുറിച്ചുള്ള നിയമമന്ത്രിയുടെ പരാമർശങ്ങൾ പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

