അമേരിക്കയുടെ ദേശീയ കടം 40 ട്രില്യൺ ഡോളർ കടന്നു

വാഷിങ്ടൺ: അമേരിക്കയുടെ മൊത്തം ദേശീയ കടബാധ്യത ചരിത്രത്തിലാദ്യമായി 40 ട്രില്യൺ ഡോളർ (ഏകദേശം 40 ലക്ഷം കോടി ഡോളർ) കടന്നു. ഓഗസ്റ്റ് 18ന് യുഎസ് ദേശീയ കടം 40 ട്രില്യൺ ഡോളർ പിന്നിട്ടതായി യുഎസ് ട്രഷറി കണക്കുകൾ വ്യക്തമാക്കുന്നു.

നികുതി ഇളവുകളെത്തുടർന്നുള്ള വരുമാനക്കുറവും സാമൂഹിക ക്ഷേമ പദ്ധതികൾക്കും പലിശ തിരിച്ചടവിനുമുള്ള ഉയർന്ന ചെലവുമാണ് കടബാധ്യത ഉയരാൻ കാരണമായ പ്രധാന ഘടകങ്ങളെന്ന് റിപ്പോർട്ടിൽ പറയുന്നു. കഴിഞ്ഞ പത്ത് വർഷത്തിനിടെ അമേരിക്കയുടെ മൊത്തം ദേശീയ കടം ഇരട്ടിയായതായി സാമ്പത്തിക നിരീക്ഷണ സംഘടനയായ Committee for a Responsible Federal Budget ചൂണ്ടിക്കാട്ടി.

2017 ജനുവരിയിൽ ഡോണൾഡ് ട്രംപ് ആദ്യമായി പ്രസിഡന്റായപ്പോൾ അമേരിക്കയുടെ ദേശീയ കടം 19.95 ട്രില്യൺ ഡോളറായിരുന്നു. തുടർന്ന് ട്രംപിന്റെ രണ്ട് ഭരണകാലയളവുകളിലായി 11.6 ട്രില്യൺ ഡോളറും ജോ ബൈഡന്റെ നാല് വർഷത്തെ ഭരണകാലത്ത് 8.4 ട്രില്യൺ ഡോളറും കടം വർധിച്ചതായി റിപ്പോർട്ടിൽ പറയുന്നു. കോവിഡ് കാലത്തെ അടിയന്തര ധനസഹായങ്ങളും സാമ്പത്തിക അസന്തുലിതാവസ്ഥയും കടം വർധിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചു.

കടബാധ്യത ഉയരുന്നത് സർക്കാരിന്റെ പലിശച്ചെലവിനെയും ധനകാര്യ സമ്മർദത്തെയും വർധിപ്പിക്കുന്നുണ്ട്. 2026 സാമ്പത്തിക വർഷം ആരംഭിച്ച ഒക്ടോബർ മുതൽ ജൂലൈ വരെയുള്ള കാലയളവിൽ യുഎസ് സർക്കാർ പലിശയിനത്തിൽ ഏകദേശം 963 ബില്യൺ ഡോളർ ചെലവഴിച്ചതായി റിപ്പോർട്ടുകളുണ്ട്.

അമേരിക്കയുടെ കടപ്പത്രങ്ങൾ വാങ്ങി രാജ്യത്തിന് വായ്പ നൽകുന്ന വിദേശ രാജ്യങ്ങളിൽ ജപ്പാനാണ് മുന്നിൽ. ചൈനയും വലിയ തോതിൽ യുഎസ് ട്രഷറി ബോണ്ടുകൾ കൈവശം വച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *