ക്വീൻസ്ലാന്റ്: തങ്ങളുടെ പാർട്ടി ഓസ്ട്രേലിയയിൽ അധികാരത്തിലെത്തിയാൽ വാർഷിക കുടിയേറ്റക്കാരുടെ എണ്ണം പ്രതിവർഷം ഏകദേശം 1,30,000 ആയി ക്വാട്ട നിശ്ചയിച്ച് പരിമിതപ്പെടുത്തുമെന്ന് ‘വൺ നേഷൻ’ പാർട്ടി നേതാവും സെനറ്ററുമായ പോളിൻ ഹാൻസൺ. കഴിഞ്ഞ 30 വർഷമായി കുടിയേറ്റ വിഷയത്തിൽ തനിക്ക് ഇതേ നിലപാടാണുള്ളതെന്നും അവർ വ്യക്തമാക്കി.
രാജ്യത്തേക്ക് വരുന്ന ആളുകളുടെ എണ്ണം വളരെ കൂടുതലാണെന്ന് ചൂണ്ടിക്കാട്ടിയ ഹാൻസൺ, ബിസിനസ്സുകൾ, ഡോക്ടർമാർ, നഴ്സുമാർ എന്നിവരുൾപ്പെടെ രാജ്യത്തിന് അത്യാവശ്യമായ തൊഴിൽ മേഖലകളിലേക്ക് ആളുകളെ കൊണ്ടുവരുന്നതിന് ത തടസ്സമുണ്ടാകില്ലെന്നും കൂട്ടിച്ചേർത്തു. കുടിയേറ്റക്കാരുടെ എണ്ണം കുറയ്ക്കുന്നത് ഓസ്ട്രേലിയ നിലവിൽ നേരിടുന്ന രൂക്ഷമായ ഭവന പ്രതിസന്ധിക്കും വീടുകളുടെ വിലക്കയറ്റത്തിനും വലിയൊരളവോളം പരിഹാരമാകുമെന്നാണ് പാർട്ടിയുടെ വാദം.
ഓസ്ട്രേലിയൻ സെനറ്റിൽ പ്രാതിനിധ്യമുള്ള ചെറിയ രാഷ്ട്രീയ പാർട്ടിയാണ് ‘വൺ നേഷൻ’. നിലവിലുള്ള ഓസ്ട്രേലിയൻ സർക്കാരിന്റെ ഔദ്യോഗിക കുടിയേറ്റ നയമല്ല ഇതെന്നും, ഭാവിയിൽ അധികാരം ലഭിച്ചാൽ നടപ്പിലാക്കാൻ പോളിൻ ഹാൻസൺ നിർദ്ദേശിക്കുന്ന നയപരമായ തീരുമാനമാണിതെന്നും പാർട്ടി വൃത്തങ്ങൾ അറിയിച്ചു.

