സൗത്ത് ഓസ്‌ട്രേലിയയിൽ H5 പക്ഷിപ്പനി വ്യാപിച്ച് ഭീതി; കംഗാരു ഐലൻഡിലെ ബീച്ച് ടൂറുകൾ നിർത്തിവെച്ചു

അഡ്ലെയ്ഡ്: സൗത്ത് ഓസ്‌ട്രേലിയയിൽ H5 പക്ഷിപ്പനി (Avian Influenza) പ്രാദേശികമായി പടരാൻ സാധ്യതയേറിയതായി അധികൃതരുടെ മുന്നറിയിപ്പ്. കംഗാരു ഐലൻഡിലും സംസ്ഥാനത്തിന്റെ സൗത്ത് ഈസ്റ്റ് മേഖലയിലുമായി 11 സംശയാസ്പദ കേസുകൾ റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിലാണ് ഈ ജാഗ്രതാ നിർദ്ദേശം.

സൗത്ത് ഓസ്‌ട്രേലിയൻ പ്രൈമറി ഇൻഡസ്ട്രീസ് മന്ത്രി ക്ലെയർ സ്‌ക്രിവൻ ആണ് ഈ വിവരം വാർത്താ സമ്മേളനത്തിൽ സ്ഥിരീകരിച്ചത്. റിപ്പോർട്ട് ചെയ്ത സംശയാസ്പദ കേസുകളെല്ലാം ‘ഗ്രേറ്റർ ക്രസ്റ്റഡ് ടേൺ’ (Greater Crested Terns) ഇനത്തിൽപ്പെട്ട കടൽപ്പക്ഷികളിലാണ് കണ്ടെത്തിയിട്ടുള്ളത്. ഇതിൽ നാലെണ്ണം കംഗാരു ഐലൻഡിലും ഏഴെണ്ണം സംസ്ഥാനത്തിന്റെ തെക്കുകിഴക്കൻ മേഖലയിലുമാണ്.

തീരപ്രദേശത്തെ വന്യജീവി സമ്പത്തിന്, പ്രത്യേകിച്ച് കടൽ നായ്ക്കൾക്ക് രോഗബാധ ഉണ്ടാകുന്നത് തടയാൻ കംഗാരു ഐലൻഡിലെ പ്രശസ്തമായ സീൽ ബേയിലെ ബീച്ച് ടൂറുകൾ താൽക്കാലികമായി നിർത്തിവച്ചു. വൻതോതിൽ മനുഷ്യസമ്പർക്കം ഉണ്ടാകുന്നത് ഒഴിവാക്കി കടൽജീവികളുടെ സുരക്ഷ ഉറപ്പാക്കാനാണ് ഈ മുൻകരുതൽ നടപടിയെന്ന് മന്ത്രി അറിയിച്ചു.

അതേസമയം, പോൾട്രി ഫാമുകളിലേക്കോ മറ്റ് വളർത്തുമൃഗങ്ങളിലേക്കോ രോഗബാധ പടർന്നതായി റിപ്പോർട്ടുകളില്ല. സ്ഥിതിഗതികൾ നിരീക്ഷിക്കാൻ വിദഗ്ധരുടെ നേതൃത്വത്തിൽ കൂടുതൽ സുരക്ഷാ സജ്ജീകരണങ്ങളും പരിശോധനകളും ശക്തമാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *