മോസ്കോ: റഷ്യയ്ക്കുള്ളിൽ യുക്രെയ്ൻ നടത്തിയ ദീർഘദൂര ഡ്രോൺ ആക്രമണങ്ങൾ തുടരുന്നു. അധിനിവേശ ക്രിമിയയിലും പെർം, റിയാസാൻ, ടഗാൻറോഗ് എന്നീ നഗരങ്ങളിലുമുള്ള എണ്ണശുദ്ധീകരണശാലകളും മറ്റ് വ്യവസായ കേന്ദ്രങ്ങളും ആക്രമിക്കപ്പെട്ടതായി റഷ്യൻ വൃത്തങ്ങൾ അറിയിച്ചു.
റഷ്യയിലെ പ്രമുഖ ഓൺലൈൻ വ്യാപാര സ്ഥാപനമായ വൈൽഡ്ബെറീസിന്റെ (Wildberries) ഗോഡൗണിലും വീണ്ടും ഡ്രോൺ പതിച്ചു. റിയാസാനിലെ ഗോഡൗണിലുണ്ടായിരുന്നവരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. അടുത്ത ദിവസങ്ങളിലായി യുക്രെയ്ൻ ആക്രമണത്തിൽ നശിച്ച വൈൽഡ്ബെറീസ് ഗോഡൗണുകളുടെ എണ്ണം ഏഴായി. ഇതോടെ കമ്പനിയുടെ സംഭരണശേഷിയിൽ ഏകദേശം 10 ശതമാനം കുറവുണ്ടായതായും, കസാഖ്സ്ഥാനിൽ പുതിയ സംഭരണകേന്ദ്രത്തിനായി സ്ഥലം തേടുകയാണെന്നും റിപ്പോർട്ടുകളുണ്ട്.
യുക്രെയ്നിൽ നിന്ന് ഏകദേശം 1,600 കിലോമീറ്റർ അകലെയുള്ള പെർം നഗരത്തിലെ വ്യവസായ കേന്ദ്രങ്ങൾ ആക്രമിക്കപ്പെട്ടതായി റഷ്യ സ്ഥിരീകരിച്ചെങ്കിലും കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ടഗാൻറോഗിലെ ഒരു അപ്പാർട്ട്മെന്റിന് നേരെയുണ്ടായ ആക്രമണത്തിൽ ഒരു സ്ത്രീ കൊല്ലപ്പെട്ടു. അധിനിവേശ ക്രിമിയയിൽ രണ്ട് പേർ കൊല്ലപ്പെടുകയും അഞ്ച് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി റിപ്പോർട്ടുണ്ട്.
അതേസമയം, യുക്രെയ്നിലെ ഖേർസൺ നഗരത്തിൽ റഷ്യ നടത്തിയ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഒഡേസ തുറമുഖത്തെത്തിയ രണ്ട് ആയുധക്കപ്പലുകളെ ആക്രമിച്ചതായി റഷ്യൻ പ്രതിരോധ മന്ത്രാലയവും അറിയിച്ചു.

