ബെയ്ജിങ്/തെഹ്റാൻ: ചൈനയിൽ നിന്ന് നിർമിച്ച ഷോൾഡർ-ഫയർഡ് വ്യോമപ്രതിരോധ മിസൈൽ സംവിധാനങ്ങളുടെ ആദ്യഘട്ട വിതരണം ആഴ്ചകൾക്കുള്ളിൽ ഇറാന് ലഭിക്കുമെന്ന് അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. 300 മുതൽ 400 വരെ മാൻ-പോർട്ടബിൾ എയർ ഡിഫൻസ് സിസ്റ്റങ്ങൾ (MANPADS) ഉൾപ്പെടുന്ന കരാറാണ് നിലവിലുള്ളതെന്ന് റിപ്പോർട്ടിൽ പറയുന്നു.
ഏകദേശം 60 മുതൽ 70 മില്യൺ ഡോളർ വരെ മൂല്യമുള്ള ഈ കരാർ, ഹോങ്കോങ് ആസ്ഥാനമായുള്ള ഒരു ഇടനില കമ്പനിയുടെ സഹായത്തോടെയാണ് നടപ്പാക്കുന്നതെന്നാണ് റിപ്പോർട്ട്. QW-12, FN-16 എന്നീ ചൈനീസ് നിർമ്മിത മിസൈൽ സംവിധാനങ്ങളാണ് വിതരണം ചെയ്യുക. അമേരിക്കയും ഇസ്രായേലുമായുള്ള യുദ്ധത്തിനിടെ വ്യോമപ്രതിരോധ സംവിധാനങ്ങൾക്ക് നേരിട്ട തിരിച്ചടികൾക്ക് പിന്നാലെ പ്രതിരോധശേഷി ശക്തിപ്പെടുത്താനാണ് ഇറാന്റെ നീക്കമെന്നാണ് വിലയിരുത്തൽ.
അതേസമയം, ഇത്തരമൊരു ആയുധക്കൈമാറ്റം സംബന്ധിച്ച റിപ്പോർട്ടുകൾ “അടിസ്ഥാനരഹിതം” ആണെന്ന് ചൈനയുടെ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു. ആയുധങ്ങൾ പാകിസ്താൻ വഴി എത്തിക്കുമെന്ന റിപ്പോർട്ടുകളും പാകിസ്താൻ നിഷേധിച്ചിട്ടുണ്ട്.
മിസൈൽ വിതരണത്തിന്റെ കൃത്യമായ സമയക്രമവും അന്തിമ എണ്ണവും ഇനിയും മാറാൻ സാധ്യതയുണ്ടെന്നും ബന്ധപ്പെട്ട വൃത്തങ്ങൾ സൂചിപ്പിക്കുന്നു.

