ന്യൂഡൽഹി: രാജ്യത്തെ മത്സരപരീക്ഷകളിലെ ക്രമക്കേടുകൾക്കും ചോദ്യപേപ്പർ ചോർച്ചയ്ക്കും എതിരെ കർശന നടപടികൾ വ്യവസ്ഥ ചെയ്യുന്ന ‘പബ്ലിക് എക്സാമിനേഷൻസ് ഭേദഗതി ബിൽ 2026’ (Anti-paper leak bill) നാളെ പാർലമെന്റിൽ പാസാക്കാൻ ധാരണയായി. ബില്ലിന്മേൽ ലോക്സഭയിൽ രാത്രി 10 മണി വരെ നീളുന്ന ദീർഘിച്ച ചർച്ചകൾ തുടരുമെന്ന് പാർലമെന്ററികാര്യ മന്ത്രി കിരൺ റിജിജു അറിയിച്ചു.
ആദ്യഘട്ടത്തിൽ ആറ് മണിക്കൂർ നീക്കിവെച്ചിരുന്ന ചർച്ച പ്രതിപക്ഷത്തിന്റെ ആവശ്യപ്രകാരം പത്ത് മണിക്കൂറോളം നീട്ടാൻ സർക്കാർ സന്നദ്ധത പ്രകടിപ്പിക്കുകയായിരുന്നു. കോൺഗ്രസ്, സമാജ്വാദി പാർട്ടി, ഡി.എം.കെ, എൻ.സി.പി തുടങ്ങിയ പ്രമുഖ പാർട്ടികളിലെ ചീഫ് വിപ്പുമാരുമായി നടത്തിയ ചർച്ചകൾക്ക് ശേഷമാണ് കൂടുതൽ അംഗങ്ങൾക്ക് സംസാരിക്കാൻ അവസരമൊരുക്കുന്നതിനായി സഭയുടെ സമയപരിധി നീട്ടിയത്.
കേന്ദ്ര സഹമന്ത്രി ജിതേന്ദ്ര സിങ് അവതരിപ്പിച്ച ഈ ചരിത്രപ്രധാനമായ ബില്ലിന്മേൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധി വധ്രയും സംസാരിക്കുമെന്നാണ് കരുതപ്പെടുന്നത്. 2024-ൽ പാസാക്കിയ നിയമത്തിൽ കൂടുതൽ കാർക്കശ്യമുള്ള വ്യവസ്ഥകൾ ഉൾപ്പെടുത്തിയാണ് ഈ ഭേദഗതി ബിൽ ലോക്സഭയിലെത്തിച്ചിരിക്കുന്നത്.
ചോദ്യപേപ്പർ ചോർത്തൽ, പരീക്ഷാത്തട്ടിപ്പ് എന്നിവയിൽ ഏർപ്പെടുന്ന കുറ്റവാളികൾക്കുള്ള കുറഞ്ഞ തടവുശിക്ഷ മൂന്ന് വർഷത്തിൽ നിന്ന് അഞ്ച് വർഷമായും പരമാവധി ശിക്ഷ പത്ത് വർഷമായും വർദ്ധിപ്പിച്ചു. കൂടാതെ 50 ലക്ഷം രൂപ വരെ പിഴയും ബില്ല് നിർദ്ദേശിക്കുന്നു. തട്ടിപ്പുകൾ സംഘടിത കുറ്റകൃത്യമായി തെളിഞ്ഞാൽ കുറഞ്ഞ ശിക്ഷ ഏഴ് വർഷ തടവും പിഴത്തുക 10 കോടി രൂപ വരെയുമായിരിക്കും.
ക്രമക്കേടുകളിൽ പങ്കാളികളാകുന്ന സ്വകാര്യ ഏജൻസികൾക്കും സർവീസ് പ്രൊവൈഡർമാർക്കുമുള്ള പിഴത്തുക അഞ്ച് കോടിയായും വിലക്ക് നാലിൽ നിന്ന് എട്ട് വർഷമായും ഉയർത്തിയിട്ടുണ്ട്. ഇത്തരം തട്ടിപ്പ് കേസുകളിലെ അന്വേഷണം രണ്ട് മാസത്തിനകം (60 ദിവസം) പൂർത്തിയാക്കാനും, വിചാരണ മൂന്ന് മാസത്തിനുള്ളിൽ പൂർത്തിയാക്കുന്നതിനായി പ്രത്യേക ഫാസ്റ്റ് ട്രാക്ക് കോടതികൾ സ്ഥാപിക്കാനും ബിൽ ശുപാർശ ചെയ്യുന്നു. ചോദ്യപേപ്പർ ചോർച്ച കാരണം ലക്ഷക്കണക്കിന് ഉദ്യോഗാർത്ഥികളുടെ ഭാവി അനിശ്ചിതത്വത്തിലാകുന്ന സാഹചര്യം ഒഴിവാക്കാനും, പരീക്ഷാ സമ്പ്രദായത്തിന്റെ വിശ്വസനീയത തിരിച്ചുപിടിക്കാനുമാണ് കേന്ദ്ര സർക്കാർ ഈ ഭേദഗതിയിലൂടെ ലക്ഷ്യമിടുന്നത്.

