ബെംഗളൂരു: സംസ്ഥാനത്തെ കോളേജ് വിദ്യാർത്ഥികൾക്കിടയിൽ എച്ച്.ഐ.വി (HIV) രോഗബാധ ആശങ്കാജനകമായ രീതിയിൽ ഉയരുന്ന പശ്ചാത്തലത്തിൽ നിർണായക പ്രതിരോധ നീക്കവുമായി കർണാടക സർക്കാർ. എൻജിനീയറിംഗ്, ആർട്സ്, സയൻസ് തുടങ്ങി എല്ലാ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വിദ്യാർത്ഥികൾക്കായി എച്ച്.ഐ.വി പരിശോധനയും കൗൺസിലിംഗും നിർബന്ധമാക്കാൻ ആരോഗ്യമന്ത്രാലയം ഒരുങ്ങുകയാണ്.
കർണാടക സ്റ്റേറ്റ് എയ്ഡ്സ് പ്രിവൻഷൻ സൊസൈറ്റിയുടെ (KSAPS) പ്രത്യേക അഭ്യർത്ഥനയെ തുടർന്ന് വിശ്വേശ്വരയ്യ ടെക്നോളജിക്കൽ യൂണിവേഴ്സിറ്റിയും (VTU) കോളേജിയറ്റ് എഡ്യൂക്കേഷൻ ഡിപ്പാർട്ട്മെന്റും ഇതിനായുള്ള പ്രാഥമിക നടപടികൾ ആരംഭിച്ചു കഴിഞ്ഞു.
യുവതലമുറയിൽ വർദ്ധിച്ചുവരുന്ന രോഗബാധ തടയുന്നതിനും കൃത്യമായ സമയത്ത് ബോധവൽക്കരണവും ചികിത്സയും ഉറപ്പാക്കുന്നതിനുമാണ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് ഇത്തരമൊരു പരിശോധനാ പദ്ധതി നടപ്പിലാക്കാൻ സർക്കാർ തീരുമാനിച്ചിരിക്കുന്നത്

