ഓക്‌ലൻഡ്: രംഗോലി പൊടിയിൽ അസ്ബസ്റ്റോസിന്റെ സാന്നിധ്യം കണ്ടെത്തിയെന്ന സംശയത്തെ തുടർന്ന് ഓക്‌ലൻഡിലെ ഏർലി ലേണിംഗ് സെന്റർ മുൻകരുതലിന്റെ ഭാഗമായി താൽക്കാലികമായി അടച്ചുപൂട്ടി. എഡ്യൂക്കേഷൻ റിവ്യൂ ഓഫീസ് (ERO) ആണ് വിവരം ഔദ്യോഗികമായി സ്ഥിരീകരിച്ചത്. കുട്ടികളുടെയും അധ്യാപകരുൾപ്പെടെയുള്ള ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനായി സ്കൂൾ അധികൃതർ സമയോചിതമായ നടപടിയാണ് സ്വീകരിച്ചതെന്ന് ഇ.ആർ.ഒ വ്യക്തമാക്കി.
ദീപാവലി അടക്കമുള്ള ഉത്സവവേളകളിൽ വർണ്ണാഭമായ കോലങ്ങൾ വരയ്ക്കാൻ ഉപയോഗിക്കുന്ന രംഗോലി പൊടിയാണിത്. വിപണിയിൽ എത്തിയ ഈ ഉൽപ്പന്നം തിരികെ വിളിച്ചതായി അധികൃതർ നേരത്തെതന്നെ മുന്നറിയിപ്പ് പുറപ്പെടുവിച്ചിരുന്നു. കഴിഞ്ഞ വർഷം വിവിധ സ്കൂളുകളിലെ കളിയാവശ്യങ്ങൾക്കായുള്ള മണലിൽ (പ്ലേ സാന്റ്) അസ്ബസ്റ്റോസിന്റെ സാന്നിധ്യം സ്ഥിരീകരിച്ചതിനെ തുടർന്ന് രാജ്യത്തുടനീളമുള്ള ഒട്ടേറെ സ്കൂളുകളും ചൈൽഡ് കെയർ സെന്ററുകളും ശുചീകരണ പ്രവർത്തനങ്ങൾക്കായി ദിവസങ്ങളോളം അടച്ചിടേണ്ടി വന്നിരുന്നു.

