ശബരിമലയിൽ റൂം ബുക്കിങ് പൂർണ്ണമായും ഓൺലൈനിലേക്ക്; പ്രതിദിനം 400 മുറികൾ ലഭ്യമാകും

പമ്പ: ശബരിമല സന്നിധാനത്ത് ഭക്തർക്ക് മുറികൾ മുൻകൂട്ടി ബുക്ക് ചെയ്യാനുള്ള സൗകര്യം തിരുവിതാംകൂർ ദേവസ്വം ബോർഡ് കൂടുതൽ വിപുലീകരിക്കുന്നു. തുലാമാസ പൂജകൾ മുതൽ പ്രതിദിനം 400 മുറികൾ ഓൺലൈൻ വഴി ഭക്തർക്ക് ബുക്ക് ചെയ്യാം. മുൻപ് 190 മുറികൾ മാത്രമാണ് ഓൺലൈൻ വഴി നൽകിയിരുന്നത്; ബാക്കി മുറികൾ സന്നിധാനത്തെ അക്കോമഡേഷൻ ഓഫീസ് വഴിയായിരുന്നു വിതരണം ചെയ്തിരുന്നത്. ഭക്തർക്ക് സേവനങ്ങൾ സുതാര്യവും എളുപ്പവുമാക്കുന്നതിന്റെ ഭാഗമായാണ് ഓൺലൈൻ മുറികളുടെ എണ്ണം ഗണ്യമായി വർധിപ്പിച്ചത്.

നിലവിൽ പ്രോട്ടോക്കോൾ ഗസ്റ്റ് ഹൗസായി പ്രവർത്തിക്കുന്ന ശബരി ഗസ്റ്റ് ഹൗസിലും ഇനിമുതൽ 10 മുറികൾ പൊതുജനങ്ങൾക്കായി ഓൺലൈൻ വഴി ബുക്ക് ചെയ്യാൻ സാധിക്കും. ഭക്തർക്ക് www.onlinetdb.com എന്ന ഔദ്യോഗിക വെബ്‌സൈറ്റ് വഴി മുറികൾ ബുക്ക് ചെയ്യാം. വെബ്‌സൈറ്റിലെ അമിത തിരക്ക് മൂലം ബുക്കിങ് തടസ്സപ്പെടുകയോ അക്കൗണ്ടിൽ നിന്ന് തുക നഷ്ടപ്പെടുകയോ ചെയ്യുന്ന സാഹചര്യമുണ്ടായാൽ ആവശ്യമായ രേഖകൾ സഹിതം onlinerectdb@gmail.com എന്ന ഇ-മെയിൽ വിലാസത്തിൽ ബന്ധപ്പെടാമെന്നും അധികൃതർ അറിയിച്ചു. തുലാമാസ പൂജകൾക്കായുള്ള ഓൺലൈൻ റൂം ബുക്കിങ് ബുധനാഴ്ച രാവിലെ 7 മണി മുതൽ ആരംഭിക്കും.

Leave a Reply

Your email address will not be published. Required fields are marked *