അഷ്ടമുടി വാട്ടർ ഗേറ്റ് മ്യൂസിക് ഫെസ്റ്റിവലിന് സമാപനം; സാംസ്കാരിക സമുച്ചയം നിരന്തര വേദിയാക്കുമെന്ന് മന്ത്രി

കൊല്ലം: ശ്രീനാരായണഗുരു സാംസ്കാരിക സമുച്ചയം സജീവമായി പ്രവർത്തിക്കുന്ന ഇടമാക്കി മാറ്റുമെന്ന് ടൂറിസം-സാംസ്കാരിക വകുപ്പ് മന്ത്രി പി.സി. വിഷ്ണുനാഥ് വ്യക്തമാക്കി. സാംസ്കാരിക സമുച്ചയത്തിൽ സംഘടിപ്പിച്ച അഷ്ടമുടി വാട്ടർ ഗേറ്റ് മ്യൂസിക് ഫെസ്റ്റിവലിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വരും ദിവസങ്ങളിൽ കൂടുതൽ കലാപരിപാടികൾ ഇവിടെ സംഘടിപ്പിക്കുമെന്നും നവംബറിൽ ചലച്ചിത്ര അക്കാദമിയുടെ നേതൃത്വത്തിൽ അരവിന്ദൻ ഫിലിം ഫെസ്റ്റിവൽ നടത്തുമെന്നും മന്ത്രി അറിയിച്ചു. തുടർ വർഷങ്ങളിലും അഷ്ടമുടി വാട്ടർ ഗേറ്റ് മ്യൂസിക് ഫെസ്റ്റിവൽ സംഘടിപ്പിക്കും.

ഡിസംബർ 31 മുതൽ നാല് ദിവസം നീണ്ടുനിൽക്കുന്ന കൊല്ലം ഇന്റർനാഷണൽ ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ ലോഗോ പ്രകാശനം ചടങ്ങിൽ മന്ത്രി നിർവഹിച്ചു. ഫെസ്റ്റിവലിന്റെ ഔദ്യോഗിക വെബ്സൈറ്റ് വനിതാ-ശിശു വികസന വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ ഉദ്ഘാടനം ചെയ്തു.

സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമപദ്ധതിയുടെ ഭാഗമായി സാംസ്കാരിക വകുപ്പ് സംഘടിപ്പിച്ച അഷ്ടമുടി വാട്ടർ ഗേറ്റ് മ്യൂസിക് ഫെസ്റ്റിവൽ, വിവിധ മ്യൂസിക് ബാൻഡുകളുടെ സാന്നിധ്യത്താൽ അഞ്ച് നഗര രാവുകളെയാണ് സംഗീതസാന്ദ്രമാക്കിയത്. ചടങ്ങിൽ ജില്ലാ കലക്ടർ ആനി ജൂലാ തോമസ്, സാംസ്കാരിക വകുപ്പ് ഡയറക്ടർ കെ. ഇമ്പശേഖർ, വിവിധ വകുപ്പ് മേധാവികൾ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *