ന്യൂഡൽഹി: 2026 ഏഷ്യൻ ഗെയിംസിനുള്ള സെലക്ഷൻ ട്രയൽസിൽ പങ്കെടുക്കാൻ ഗുസ്തി താരം വിനീഷ് ഫോഗട്ടിന് അനുമതി നൽകിയ ഡൽഹി ഹൈക്കോടതി ഉത്തരവിനെതിരെ റെസ്ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ (ഡബ്ല്യുഎഫ്ഐ) സുപ്രീംകോടതിയെ സമീപിച്ചു. ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്തുള്ള ഹർജി സുപ്രീംകോടതി വെള്ളിയാഴ്ച പരിഗണിക്കുമെന്നാണ് റിപ്പോർട്ടുകൾ.
മെയ് 22-ന് ഡൽഹി ഹൈക്കോടതി വിനേഷ് ഫോഗട്ടിന് മെയ് 30, 31 തീയതികളിൽ നടക്കുന്ന ഏഷ്യൻ ഗെയിംസ് സെലക്ഷൻ ട്രയൽസിൽ പങ്കെടുക്കാൻ അനുമതി നൽകിയിരുന്നു. മാതൃത്വ അവധിക്ക് ശേഷം മത്സരരംഗത്തേക്ക് മടങ്ങിയെത്തുന്ന പ്രമുഖ താരങ്ങൾക്ക് അവസരം നൽകാത്ത തരത്തിലുള്ളതാണ് ഡബ്ല്യുഎഫ്ഐയുടെ സെലക്ഷൻ നയമെന്ന് കോടതി നിരീക്ഷിച്ചിരുന്നു. ട്രയൽസ് വീഡിയോയിൽ രേഖപ്പെടുത്തണമെന്നും, സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെയും ഇന്ത്യൻ ഒളിമ്പിക് അസോസിയേഷന്റെയും ഓരോ സ്വതന്ത്ര നിരീക്ഷകരെ സന്നിഹിതരാക്കണമെന്നും ഹൈക്കോടതി നിർദേശിച്ചിരുന്നു.
മാതൃത്വം വനിതാ കായികതാരങ്ങൾക്ക് അവസരനിഷേധത്തിനുള്ള കാരണമാകരുതെന്നും കോടതി വ്യക്തമാക്കിയിരുന്നു. വിനേഷ് ഫോഗട്ടിനെ ആഭ്യന്തര മത്സരങ്ങളിൽ പങ്കെടുക്കുന്നതിൽ നിന്ന് അയോഗ്യയാക്കിയ ഡബ്ല്യുഎഫ്ഐയുടെ നടപടിയെ ഹൈക്കോടതി മുമ്പ് വിമർശിക്കുകയും, വിഷയത്തിൽ വിദഗ്ധ സമിതിയെ നിയോഗിക്കാൻ കേന്ദ്ര സർക്കാരിനോട് നിർദേശിക്കുകയും ചെയ്തിരുന്നു. അതേസമയം, ഹൈക്കോടതിയുടെ ഉത്തരവ് ന്യായാധികാരത്തിന്റെ പരിധി ലംഘിക്കുന്നതാണെന്നും വിനേഷ് ഫോഗട്ടിന്റെ യോഗ്യത സംബന്ധിച്ച വിഷയങ്ങൾ പരിഗണിക്കപ്പെടേണ്ടതുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് ഡബ്ല്യുഎഫ്ഐ സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്.

