കൊല്ലം സിറ്റി പോലീസ് കമ്മീഷണറായി ഇടുക്കിയുടെ അഭിമാനം അശ്വതി ജിജി ഐപിഎസ് ചുമതലയേറ്റു

കൊല്ലം: കൊല്ലം നഗരത്തിന്റെ ക്രമസമാധാന പാലന ചുമതല ഇനി മലയോര നാടിന്റെ കരുത്തായ അശ്വതി ജിജി ഐപിഎസിന്. ഇടുക്കി ജില്ലയിലെ വാത്തിക്കുടി മുരിക്കശ്ശേരി സ്വദേശിയായ അശ്വതി ജിജി കൊല്ലം സിറ്റി പോലീസ് കമ്മീഷണറായി ചുമതലയേറ്റു. പ്രതിസന്ധികളെ ഇച്ഛാശക്തിയോടെ അതിജീവിച്ചാണ് ഈ മലയോര പെൺകുട്ടി ഉന്നത പോലീസ് പദവിയിലേക്ക് എത്തിച്ചേർന്നത്.

എയർഫോഴ്സ് സർവീസിന് ശേഷം നാട്ടിൽ കൃഷിയിലേക്ക് തിരിഞ്ഞ പിതാവിന്റെയും കുടുംബത്തിന്റെയും കഠിനാധ്വാനമാണ് അശ്വതിയുടെ നേട്ടങ്ങൾക്ക് കരുത്തായത്. 2020-ലെ സിവിൽ സർവീസ് പരീക്ഷയിൽ അഖിലേന്ത്യാ തലത്തിൽ 41-ാം റാങ്ക് കരസ്ഥമാക്കിയ അശ്വതിക്ക് ഐഎഎസ് ലഭിക്കാനുള്ള അവസരമുണ്ടായിരുന്നിട്ടും, ക്രമസമാധാന പരിപാലനത്തോടും കാക്കി കുപ്പായത്തോടുമുള്ള അടങ്ങാത്ത താല്പര്യം മുൻനിർത്തി ഐപിഎസ് തിരഞ്ഞെടുക്കുകയായിരുന്നു.

തന്റെ ഉറച്ച തീരുമാനത്തിലൂടെയും ലക്ഷ്യബോധത്തിലൂടെയും പദവിയിലെത്തിയ അശ്വതി ജിജിക്ക് നാട്ടുകാരും സഹപ്രവർത്തകരും ഹൃദ്യമായ അഭിനന്ദനങ്ങളും ആശംസകളും അറിയിച്ചു. സാധാരണ പശ്ചാത്തലത്തിൽ നിന്ന് ഉയർന്നുവന്ന അശ്വതിയുടെ കമ്മീഷണറായുള്ള നിയമനം നാടിനും സേനയ്ക്കും പുതിയ ഊർജ്ജം പകരുമെന്നാണ് വിലയിരുത്തൽ.

Leave a Reply

Your email address will not be published. Required fields are marked *