ഗോൾഡ് കോസ്റ്റ്: സർഫേഴ്സ് പാരഡൈസിൽ സ്കൂളീസ് ആഘോഷങ്ങൾക്കിടെയുണ്ടായ ക്രൂരമായ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഇപ്സ്വിച്ച് (Ipswich) സ്വദേശിയായ 15-കാരന്റെ തലച്ചോറിന്റെ പ്രവർത്തനം നിലച്ചതായും സ്വന്തമായി ശ്വസിക്കാൻ സാധിക്കാത്ത അവസ്ഥയിലാണെന്നും കോടതിയിൽ വിവരം ലഭിച്ചു. ചൊവ്വാഴ്ച (നവംബർ 24) പുലർച്ചെ 3.20-ഓടെയായിരുന്നു സംഘം ചേർന്നുള്ള ആക്രമണം നടന്നത്. തലയോട്ടിക്ക് പൊട്ടലും, താടിയെല്ലിന് ഒടിവും, തലച്ചോറിൽ കടുത്ത രക്തസ്രാവവുമേറ്റ കുട്ടി നിലവിൽ ജീവനുവേണ്ടി പോരാടുകയാണ്.
അബോധാവസ്ഥയിലായിട്ടും അക്രമിസംഘം കുട്ടിയെ മർദ്ദിക്കുന്നത് തുടർന്നതായി ദൃക്സാക്ഷികൾ മൊഴി നൽകിയിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് 17-നും 19-നും ഇടയിൽ പ്രായമുള്ള 11 യുവാക്കൾക്കെതിരെ പൊലീസ് കുറ്റം ചുമത്തി. ഇതിൽ രണ്ട് കൗമാരക്കാർക്ക് ബുധനാഴ്ച കോടതി ജാമ്യം അനുവദിച്ചിരുന്നു. എന്നാൽ, കുട്ടിയുടെ ആരോഗ്യനില സംബന്ധിച്ച അതീവ ഗുരുതരമായ മെഡിക്കൽ വിവരങ്ങൾ പുറത്തുവന്നതിന് പിന്നാലെ മറ്റൊരു പ്രതി ഇന്ന് തന്റെ ജാമ്യാപേക്ഷ പിൻവലിച്ചു.
കുട്ടി ജീവിതത്തിലേക്ക് തിരിച്ചുവരാത്ത സാഹചര്യമുണ്ടായാൽ പ്രതികൾക്കെതിരെ കൊലക്കുറ്റം ചുമത്തേണ്ടിവരുമെന്നും കോടതി വ്യക്തമാക്കി. കുട്ടിയുടെ തലച്ചോറിന്റെ പ്രവർത്തനം സംബന്ധിച്ച് കൂടുതൽ പരിശോധനകൾ നടത്താൻ തീരുമാനിച്ചിട്ടുണ്ട്. അതേസമയം, കേസിലെ ആരോപണങ്ങൾ ഇതുവരെ കോടതിയിൽ തെളിയിക്കപ്പെട്ടിട്ടില്ല.
ഓസ്ട്രേലിയൻ വാർത്തകൾ പെട്ടന്ന് അറിയുവാൻ ഞങ്ങളുടെ വാട്സാപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകു
https://chat.whatsapp.com/DQGBuc175EG2KUS7yyIxhF

