കാൻബെറ: ഓസ്ട്രേലിയയിലെ വൺ നേഷൻ (One Nation) പാർട്ടി നേതാവ് പോളിൻ ഹാൻസന്, രാജ്യത്തെ ഏറ്റവും വലിയ ധനികയായ ജിന റൈൻഹാർട്ട് പ്രതീകാത്മകമായി കളിപ്പാട്ട ബുൾഡോസർ സമ്മാനിച്ചു. ടൗൺസ്വില്ലിൽ നടന്ന സ്കൈ ന്യൂസ് റീജിയണൽ ഉച്ചകോടിയിലാണ് (Sky News Regional Summit) ഖനന വ്യവസായ രംഗത്തെ പ്രമുഖയായ ജിന റൈൻഹാർട്ട്, ഓറഞ്ച് നിറത്തിലുള്ള ടോയ് ബുൾഡോസർ ഹാൻസന് കൈമാറിയത്.
അമേരിക്കയിൽ സർക്കാർ തലത്തിലെ ചുവപ്പുനാടകളും അനാവശ്യ ഉദ്യോഗസ്ഥ ഭരണക്രമങ്ങളും വെട്ടിമാറ്റാൻ ഇലോൺ മസ്കിന് വലിയൊരു ചെയിൻസോ (Chainsaw) ലഭിച്ച സംഭവം ഉദ്ധരിച്ചുകൊണ്ടായിരുന്നു റൈൻഹാർട്ടിന്റെ ഈ നീക്കം. ഓസ്ട്രേലിയയിലെ വികസന മുരടിപ്പിന് കാരണമാകുന്ന ഉദ്യോഗസ്ഥ ചുവപ്പുനാടകളെ തകർത്തെറിയാൻ ഇത്തരമൊരു ബുൾഡോസർ രാജ്യത്തിന് ആവശ്യമാണെന്ന് അവർ വേദിയിൽ വ്യക്തമാക്കി.
വൺ നേഷൻ പാർട്ടിയുടെ ഏറ്റവും വലിയ സാമ്പത്തിക സ്രോതസ്സും പിന്തുണക്കാരിയുമാണ് ജിന റൈൻഹാർട്ട്. പാർട്ടിയുടെ നയരൂപീകരണങ്ങളിൽ റൈൻഹാർട്ടിന്റെ സ്വാധീനം വ്യക്തമാണെന്ന് പോളിൻ ഹാൻസൻ അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. ഇതിനുപിന്നാലെയാണ് രാഷ്ട്രീയ വൃത്തങ്ങളിൽ ചർച്ചയായി മാറിയ ഈ പ്രതീകാത്മക സമ്മാന കൈമാറ്റം. മുൻപ് വൺ നേഷൻ പാർട്ടിയുടെ പ്രചാരണ ആവശ്യങ്ങൾക്കായി റൈൻഹാർട്ടിന്റെ അടുത്ത വൃത്തങ്ങളിൽ നിന്നും ലക്ഷക്കണക്കിന് ഡോളർ മൂല്യമുള്ള സ്വകാര്യ വിമാനം ഉൾപ്പെടെ ഹാൻസന് ലഭ്യമാക്കിയിരുന്നു. വൺ നേഷൻ പാർട്ടിയും കോർപ്പറേറ്റ് ലോബിയും തമ്മിലുള്ള രാഷ്ട്രീയ-സാമ്പത്തിക ബന്ധം കൂടുതൽ ശക്തമാകുന്നതിന്റെ സൂചനയായാണ് രാഷ്ട്രീയ നിരീക്ഷകർ ഈ സംഭവത്തെ വിലയിരുത്തുന്നത്.

