ന്യൂഡൽഹി: ഇറാനിലെ സുരക്ഷാ സാഹചര്യം വഷളായ സാഹചര്യത്തിൽ ഇന്ത്യൻ പൗരന്മാർ ഇറാനിലേക്കുള്ള യാത്ര തൽക്കാലം മാറ്റിവയ്ക്കണമെന്ന് ഇന്ത്യ സർക്കാർ നിർദേശിച്ചു. നിലവിൽ ഇറാനിലുള്ള ഇന്ത്യക്കാർ വാണിജ്യ വിമാന സർവീസുകൾ ലഭ്യമായിരിക്കെ താൽക്കാലികമായി രാജ്യം വിടുന്നതും പരിഗണിക്കണമെന്ന് ടെഹ്റാനിലെ ഇന്ത്യൻ എംബസി പുറത്തിറക്കിയ പുതുക്കിയ യാത്രാ നിർദേശത്തിൽ വ്യക്തമാക്കി.
അമേരിക്ക–ഇറാൻ സംഘർഷം രൂക്ഷമായതിനെ തുടർന്നാണ് മുന്നറിയിപ്പ് പുതുക്കിയത്. ഇറാനിൽ തുടരുന്നവർ അതീവ ജാഗ്രത പാലിക്കണമെന്നും പ്രാദേശിക ഭരണകൂടത്തിന്റെ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും എംബസി അറിയിച്ചു. സൈനിക പ്രാധാന്യമുള്ള മേഖലകളും സംഘർഷ സാധ്യതയുള്ള പ്രദേശങ്ങളും ഒഴിവാക്കാനും എംബസിയുമായി നിരന്തരം ബന്ധം പുലർത്താനും നിർദേശിച്ചിട്ടുണ്ട്.
ഇതുവരെ എംബസിയിൽ രജിസ്റ്റർ ചെയ്യാത്ത ഇന്ത്യൻ പൗരന്മാർ എത്രയും വേഗം രജിസ്റ്റർ ചെയ്യണമെന്നും ആവശ്യമായ സാഹചര്യങ്ങളിൽ എംബസിയുടെ സഹായം തേടണമെന്നും യാത്രാ നിർദേശത്തിൽ പറയുന്നു.

