കുമാരമംഗലം: ഓണം വന്നാലും ഉണ്ണി പിറന്നാലും കോരന് കുമ്പിളില്‍ തന്നെ കഞ്ഞി എന്ന അവസ്ഥയിലാണ് കുമാരമംഗലം പഞ്ചായത്തിലെ പൈങ്കുളം 66-ാം നമ്പര്‍ അങ്കണവാടിയിലെ കുരുന്നുകളുടെ വിധി. സംയോജിത ശിശുവികസന സേവന പദ്ധതിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഈ അങ്കണവാടിയില്‍,അടിസ്ഥാന സൗകര്യ ങ്ങള്‍ ഒട്ടുമില്ലാത്ത പൊട്ടിപ്പൊളിഞ്ഞ ഒരു കെട്ടിടത്തിലാണ് വര്‍ഷങ്ങളായി പിഞ്ചുകുഞ്ഞുങ്ങള്‍ കഴിയുന്ന ത്.ലക്ഷങ്ങള്‍ മുടക്കി തൊട്ടടുത്ത് പുതിയ ഹൈടെക് കെട്ടിടം പണിത് കൊട്ടിഘോഷിച്ച് ഉദ്ഘാടനം നടത്തിയിട്ടും, ഉദ്യോഗസ്ഥ-ഭരണവര്‍ഗ്ഗ അനാസ്ഥ മൂലം ഈ കുരുന്നുകളുടെ നരകയാതനയ്ക്ക് അറുതിയായിട്ടില്ല.
വളരെ വൃത്തിഹീനമായ അന്തരീക്ഷത്തിലാണ് നിലവില്‍ ഈ ബാലവാടി പ്രവര്‍ത്തിക്കുന്നത്.ഇവിടെ കുട്ടികള്‍ക്ക് പ്രാഥമിക കൃത്യങ്ങള്‍ നിര്‍വ്വഹിക്കാന്‍ ഒരു കക്കൂസ് പോലുമില്ലെന്നതാണ് ഏറ്റവും ലജ്ജാകരം. സെപ്റ്റിക് ടാങ്ക് പോലും നിര്‍മ്മിക്കാതെ,ആളുകളുടെ കണ്ണില്‍ പൊടിയിടാന്‍ ഒരു ക്ലോസറ്റ് മാത്രം ഫിറ്റ് ചെയ്തിരിക്കുന്ന അവസ്ഥയാണിവിടെ.തന്മൂലം കുട്ടികള്‍ക്ക് മൂത്രമൊഴിക്കാന്‍ പറമ്പില്‍ പോകേണ്ടി വരുന്നു.മലമൂത്രവിസര്‍ജ്ജനത്തിനായി തൊട്ടടുത്തുള്ള മദര്‍ ആന്‍ഡ് ചൈല്‍ഡ് ഫൗണ്ടേഷന്‍ സ്ഥാപന ത്തെയാണ് ആശ്രയിക്കുന്നത്.കഴിഞ്ഞ ദിവസം ഇത്തരത്തില്‍ റോഡ് മുറിച്ചുകടന്ന് പ്രാഥമിക കൃത്യത്തിന് പോയ ഒരു കുട്ടി തലനാരിഴയ്ക്കാണ് വലിയൊരു വാഹനാപകടത്തില്‍ നിന്നും രക്ഷപ്പെട്ടത്.നാളെ ഇവിടെ ഒരു ദുരന്തമുണ്ടായാല്‍ അതിന്റെ ഉത്തരവാദിത്തം ആര് ഏറ്റെടുക്കും എന്നാണ് പരിസരവാസികള്‍ ചോദിക്കുന്നത്.

പാമ്പുകളുടെ വിഹാരകേന്ദ്രം; ഭീതിയില്‍ രക്ഷിതാക്കള്‍
നിലവിലെ അങ്കണവാടി കെട്ടിടവും പരിസരവും പാമ്പുകളുടെ താവളമായി മാറിയിരിക്കുകയാണ്. ബാലവാടിയോട് ചേര്‍ന്നുള്ള മതിലുകളിലും കയ്യാലകളിലും നിറയെ പാമ്പിന്‍മാളങ്ങളാണ് ഉള്ളത്.ഈ മാളങ്ങളില്‍ നിന്ന് പാമ്പുകള്‍ നിരന്തരം പുറത്തേക്ക് വരുന്നത് പതിവു കാഴ്ചയാണ്.പഴയ കെട്ടിടത്തിന്റെ പൊത്തുകളിലൂടെ ഉള്ളിലേക്ക് പാമ്പുകള്‍ക്ക് സുഖമായി കയറി വരാന്‍ സാധിക്കും.ആവശ്യത്തിന് ലൈറ്റുകള്‍ പോലുമില്ലാത്ത ഈ ഇടുങ്ങിയ മുറിക്കുള്ളില്‍ പാമ്പുകള്‍ പതുങ്ങിയിരുന്നാല്‍ പോലും തിരിച്ചറിയാന്‍ കഴിയില്ല.സംസ്ഥാനത്ത് പാമ്പുകടിയേറ്റുള്ള ബാലമരണങ്ങള്‍ വലിയ ചര്‍ച്ചയാകുന്ന ഈ കാലഘട്ടത്തിലും, പിഞ്ചുകുഞ്ഞുങ്ങളുടെ ജീവന്‍ വെച്ചുള്ള ഈ കളി അധികാരികള്‍ കാണാതെ പോകുന്നത് കടുത്ത അനാസ്ഥ യാണ്.കൂടാതെ ആഫ്രിക്കന്‍ ഒച്ചുകളുടെ ശല്യവും നിയന്ത്രാണാധീതമാണ്.ബാലവാടി കെട്ടിടത്തിന് അകത്തും പുറത്തും വിഹരിക്കുന്ന ആഫ്രിക്കന്‍ ഒച്ചുകള്‍ വലിയ ഭീതിയാണ് സൃഷ്ടിക്കുന്നത്.


ഉദ്ഘാടനം കഴിഞ്ഞ് മാസങ്ങളായി; ഫയലില്‍ ഉറങ്ങി പുതിയ കെട്ടിടം
കഴിഞ്ഞ ഒക്ടോബറിലാണ്,മുന്‍ വാര്‍ഡ് മെമ്പര്‍ ഉഷാ രാജശേഖരന്‍ ഇഷ്ടദാനമായി നല്‍കിയ സ്ഥലത്ത് അന്നത്തെ വാര്‍ഡ് മെമ്പര്‍ സുമേഷ് പാറച്ചാലിന്റെ നേതൃത്വത്തില്‍ ഹൈടെക് ബാലവാടി പണികഴിപ്പിച്ച് ഉദ്ഘാടനം ചെയ്തത്.ഒരു മാസത്തിനകം കുട്ടികളെ പുതിയ കെട്ടിടത്തിലേക്ക് മാറ്റുമെന്നായിരുന്നു അന്ന് അധികൃതര്‍ നല്‍കിയ ഉറപ്പ്.എന്നാല്‍ മാസങ്ങള്‍ കഴിഞ്ഞിട്ടും നാളിതുവരെയായിട്ടും കുട്ടികളെ അങ്ങോട്ട് മാറ്റിയിട്ടില്ല.പുതിയ കെട്ടിടത്തിന് കറണ്ട് കണക്ഷനും വാട്ടര്‍ കണക്ഷനും കിട്ടിയില്ല എന്ന ബാലിശമായ ന്യായമാണ് അധികാരികള്‍ ഇപ്പോള്‍ പറയുന്നത്.

കേരളത്തില്‍ പൊതുജന നികുതി ഉപയോഗിച്ച് പണിത് നശിക്കാനിട്ടിരിക്കുന്ന അനേകം കെട്ടിടങ്ങളില്‍ ഒന്നായി ഈ ബാലവാടിയും മാറട്ടെ എന്നാണോ അധികൃതര്‍ കരുതുന്നത്?അതോ ഇവിടുത്തെ കുരുന്നുകള്‍ പാമ്പു കടിയേറ്റും വണ്ടിയിടിച്ചും,വൃത്തിഹീനമായ അന്തരീക്ഷം മൂലം പകര്‍ച്ചവ്യാധികള്‍ പിടിപെട്ടും മരിക്കട്ടെ എന്ന തീരുമാനത്തിലാണോ കുമാരമംഗലം പഞ്ചായത്തിലെ ഭരണാധികാരികള്‍? ഈ പിഞ്ചുകുഞ്ഞുങ്ങളുടെ ജീവന് വില കല്പിക്കാത്ത അധികാരികളുടെ മൗനം അത്യന്തം പ്രതിഷേധാര്‍ഹമാണ്.കുമാരമംഗലം പഞ്ചായ ത്തിലെ ഉത്തരവാദപ്പെട്ട അധികാരികള്‍ എത്രയും വേഗം ഈ കുരുന്നുകളുടെ ദുരവസ്ഥയ്ക്ക് ശാശ്വതമായ പരിഹാരം കാണണമെന്നും,കുഞ്ഞുങ്ങളെ പുതിയ ഹൈടെക് കെട്ടിടത്തിലേക്ക് അടിയന്തരമായി മാറ്റണമെന്നുമാണ് നാട്ടുകാര്‍ക്കും രക്ഷിതാക്കള്‍ക്കും ആവശ്യപ്പെടാനുള്ളത്.
വിഡിയോ കാണാം

