സെപ്റ്റംബർ 26 മുതൽ ബാങ്കിംഗ് സേവനങ്ങൾ തടസ്സപ്പെടാൻ സാധ്യത; മുൻകരുതൽ മുന്നറിയിപ്പുമായി ബാങ്കുകൾ

ന്യൂഡൽഹി: രാജ്യവ്യാപകമായി ബാങ്ക് ജീവനക്കാരുടെ സംഘടനകൾ പണിമുടക്കിന് ആഹ്വാനം ചെയ്തതിനെ തുടർന്ന് സെപ്റ്റംബർ 26 മുതൽ തുടർച്ചയായ ദിവസങ്ങളിൽ ബാങ്കിംഗ് സേവനങ്ങൾ തടസ്സപ്പെടാൻ സാധ്യത. സെപ്റ്റംബർ 26 നാലാം ശനിയാഴ്ചയും 27 ഞായറാഴ്ചയുമായതിനാൽ ഈ ദിവസങ്ങളിൽ സാധാരണ ബാങ്ക് അവധിയായിരിക്കും. ഇതിനുപിന്നാലെ ബാങ്ക് യൂണിയനുകളുടെ സംയുക്ത കൂട്ടായ്മയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ് (യു.എഫ്.ബി.യു) സെപ്റ്റംബർ 28 മുതൽ 30 വരെ മൂന്ന് ദിവസത്തെ രാജ്യവ്യാപക പണിമുടക്കിന് ആഹ്വാനം ചെയ്തിട്ടുണ്ട്. ഇതോടെ ശാഖകൾ വഴിയുള്ള നേരിട്ടുള്ള ഇടപാടുകൾ തുടർച്ചയായി അഞ്ച് ദിവസം വരെ തടസ്സപ്പെട്ടേക്കാമെന്നാണ് സൂചന.

ആഴ്ചയിൽ അഞ്ച് ദിവസത്തെ ബാങ്കിംഗ് ജോലി സമയക്രമം നടപ്പിലാക്കുക, പെൻഷൻ പരിഷ്കരിക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് സംഘടനകൾ സമരത്തിലേക്ക് കടക്കുന്നത്. നേരിട്ട് ശാഖകളിൽ എത്തി ചെയ്യേണ്ട അത്യാവശ്യ ഇടപാടുകളും ചെക്ക് ക്ലിയറിംഗ് നടപടികളും മുൻകൂട്ടി പൂർത്തിയാക്കാൻ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്.ബി.ഐ) ഉൾപ്പെടെയുള്ള പ്രമുഖ ബാങ്കുകൾ ഉപഭോക്താക്കൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. അടിയന്തര പ്രാധാന്യമുള്ള അക്കൗണ്ട് സംബന്ധമായ ആവശ്യങ്ങൾ സമയോചിതമായി ചെയ്തുതീർക്കാൻ ബാങ്ക് അധികൃതർ പ്രത്യേക മുന്നറിയിപ്പും പുറപ്പെടുവിച്ചു.

അതേസമയം, പണിമുടക്ക് കാലയളവിലും ഡിജിറ്റൽ ബാങ്കിംഗ് സേവനങ്ങൾ തടസ്സമില്ലാതെ ലഭ്യമാകുമെന്ന് അധികൃതർ വ്യക്തമാക്കി. യു.പി.ഐ, ഇന്റർനെറ്റ് ബാങ്കിംഗ്, മൊബൈൽ ആപ്പുകൾ, എ.ടി.എം സേവനങ്ങൾ എന്നിവ പ്രവർത്തിക്കുമെന്നതിനാൽ ദൈനംദിന പണമിടപാടുകളെയും ഓൺലൈൻ ബിൽ പേയ്‌മെന്റുകളെയും പണിമുടക്ക് കാര്യമായി ബാധിക്കില്ല. എങ്കിലും സാങ്കേതിക തടസ്സങ്ങൾ ഒഴിവാക്കാനും സുഗമമായ പണമിടപാടുകൾ ഉറപ്പാക്കാനും ആവശ്യമായ പണം മുൻകൂട്ടി പിൻവലിക്കുന്നത് ഉചിതമായിരിക്കുമെന്നും ബാങ്കുകൾ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *