സിഡ്നി: ഓസ്‌ട്രേലിയയിൽ നടക്കുന്ന ജനസംഖ്യാ കണക്കെടുപ്പിൽ (Census) ‘ഓസ്‌ട്രേലിയൻ’ എന്ന വംശപാരമ്പര്യം (Ancestry) ആളുകൾ തിരഞ്ഞെടുക്കുന്നത് തടയുന്ന രീതിയിലാണ് ചോദ്യങ്ങൾ ക്രമീകരിച്ചിരിക്കുന്നതെന്ന ആരോപണവുമായി ‘ബിഗ് ബ്രദർ’ താരം ഡേവിഡ് ഗ്രഹാം. വംശപാരമ്പര്യത്തെക്കുറിച്ചുള്ള ചോദ്യത്തിൽ എട്ടാമതായാണ് ‘ഓസ്‌ട്രേലിയൻ’ എന്ന് നൽകിയിരിക്കുന്നതെന്നും ഇത് മനഃപൂർവ്വമാണെന്നും ചൂണ്ടിക്കാട്ടി അദ്ദേഹം സമൂഹമാധ്യമങ്ങളിൽ ചിത്രം പങ്കുവെച്ചു.
എന്നാൽ, ഡേവിഡിന്റെ വാദത്തെ തള്ളി നിരവധി പേർ രംഗത്തെത്തി. ഓൺലൈൻ സെൻസസ് ഫോമിൽ ഓപ്ഷനുകളുടെ ക്രമം ക്രമരഹിതമായാണ് (Randomized) ഓരോരുത്തർക്കും കാണിക്കുന്നതെന്നും പലരുടെയും ഫോമിൽ ‘ഓസ്‌ട്രേലിയൻ’ എന്നത് തന്നെയാണ് ഏറ്റവും മുകളിൽ വന്നതെന്നും ആളുകൾ വ്യക്തമാക്കി.
അതേസമയം, ഇത്തവണത്തെ സെൻസസിൽ ചരിത്രത്തിലാദ്യമായി വ്യക്തികളുടെ ലൈംഗികാഭിമുഖ്യത്തെക്കുറിച്ചുള്ള (Sexual Orientation) ചോദ്യങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. എന്നാൽ,എത്ര കുട്ടികൾ ജനിച്ചു എന്നതിനെക്കുറിച്ചുള്ള ചോദ്യം ഒഴിവാക്കുകയും ചെയ്തു.”

