കൊച്ചി: ബ്രസീൽ ലെജൻഡ്സും ഇന്ത്യ ഓൾ സ്റ്റാർസും തമ്മിലുള്ള രാജ്യാന്തര ഫുട്ബോൾ മത്സരം സെപ്റ്റംബർ 23ലേക്ക് മാറ്റി. സെപ്റ്റംബർ 20ന് കൊച്ചി ജവഹർലാൽ നെഹ്റു അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ നടത്താൻ നിശ്ചയിച്ചിരുന്ന മത്സരമാണ് പുതിയ തീയതിയിലേക്ക് മാറ്റിയത്.
ഫുട്ബോൾ ഇതിഹാസം റൊണാൾഡീഞ്ഞോ പ്രത്യേക വീഡിയോ സന്ദേശത്തിലൂടെയാണ് മത്സരം മാറ്റിയ വിവരം അറിയിച്ചത്. കൊച്ചിയിലെ മത്സരത്തിനായി കാത്തിരിക്കുകയാണെന്നും അദ്ദേഹം സന്ദേശത്തിൽ പറഞ്ഞു. 2002 ലോകകപ്പ് ജേതാക്കളായ റൊണാൾഡീഞ്ഞോയും റിവാൾഡോയും ഉൾപ്പെടെയുള്ള ബ്രസീൽ താരങ്ങളാണ് മത്സരത്തിലെ പ്രധാന ആകർഷണം.
എഡ്മിൽസൺ, ജിയോവാനി, ജൂനിയർ, വിയോള, അമരാൽ, ജോർജീഞ്ഞോ തുടങ്ങി മുൻ ബ്രസീൽ താരങ്ങളും ടീമിലുണ്ടാകും. ഇന്ത്യ ഓൾ സ്റ്റാർസിനായി ഐ.എം. വിജയൻ, ജോ പോൾ അഞ്ചേരി, സി.കെ. വിനീത്, കെ.ടി. ചാക്കോ തുടങ്ങിയ മുൻ ഇന്ത്യൻ താരങ്ങൾ അണിനിരക്കും.
ഗാമൻ വേൾഡ് സ്പോർട്സ് എന്റർടൈൻമെന്റ് പ്രൈവറ്റ് ലിമിറ്റഡ്, എ ടു ഇസഡ് ലോജിസ്റ്റിക്സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, എ സാബാ ഡോസ് ഇനിഷ്യേറ്റീവ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് മത്സരം സംഘടിപ്പിക്കുന്നത്. ചെന്നൈ, കൊച്ചി, ഹൈദരാബാദ്, മുംബൈ, ദുബായ് എന്നീ അഞ്ച് നഗരങ്ങളിലായി നടക്കുന്ന ബ്രസീൽ മുൻതാരങ്ങളുടെ ഗ്ലോബൽ ടൂറിലെ രണ്ടാമത്തെ മത്സരത്തിനാണ് കൊച്ചി വേദിയാകുന്നത്.

