ന്യൂഡൽഹി: ന്യൂഡൽഹിയിൽ നടന്ന 18-ാമത് ബ്രിക്സ് ഉച്ചകോടിയിൽ ഭീകരവാദത്തിനെതിരെ ശക്തമായ നിലപാട് സ്വീകരിച്ച് അംഗരാജ്യങ്ങൾ. പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച ‘ന്യൂഡൽഹി പ്രഖ്യാപനം’ ഏകകണ്ഠമായി അംഗീകരിച്ചു. ഭീകരവാദത്തിന് യാതൊരു തരത്തിലുള്ള ന്യായീകരണവും അംഗീകരിക്കാനാകില്ലെന്നും ഭീകരപ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരെയും അവരെ പിന്തുണയ്ക്കുന്നവരെയും നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും പ്രഖ്യാപനത്തിൽ ആവശ്യപ്പെട്ടു.
ജമ്മു കശ്മീരിലെ പഹൽഗാമിൽ 2025 ഏപ്രിൽ 22ന് നടന്ന ഭീകരാക്രമണത്തെ പ്രഖ്യാപനത്തിൽ ശക്തമായി അപലപിച്ചു. ആക്രമണത്തിൽ 26 പേർ കൊല്ലപ്പെട്ടിരുന്നു. ഭീകരവാദത്തെ അതിന്റെ എല്ലാ രൂപങ്ങളിലും അപലപിക്കുന്നതായും മതം, ദേശീയത, വംശീയത തുടങ്ങിയ കാരണങ്ങളുമായി ഭീകരവാദത്തെ ബന്ധപ്പെടുത്തി ന്യായീകരിക്കാനാകില്ലെന്നും ബ്രിക്സ് രാജ്യങ്ങൾ വ്യക്തമാക്കി.
ഭീകരവാദത്തിനെതിരെ ‘സീറോ ടോളറൻസ്’ നയത്തിന് ബ്രിക്സ് രാജ്യങ്ങൾ ഊന്നൽ നൽകി. ഐക്യരാഷ്ട്രസഭയുടെ പട്ടികയിലുള്ള ഭീകരസംഘടനകൾക്കും ഭീകരർക്കുമെതിരെ ഏകോപിത നടപടി വേണമെന്നും ഭീകരർക്ക് സുരക്ഷിത താവളങ്ങളും ധനസഹായവും മറ്റ് പിന്തുണകളും ലഭിക്കുന്നത് തടയണമെന്നും പ്രഖ്യാപനത്തിൽ ആവശ്യപ്പെട്ടു.
പശ്ചിമേഷ്യയിലെ സംഘർഷത്തിലും ബ്രിക്സ് രാജ്യങ്ങൾ ആശങ്ക രേഖപ്പെടുത്തി. സംഘർഷം കൂടുതൽ രൂക്ഷമാക്കുന്ന നടപടികൾ ഒഴിവാക്കി പരമാവധി സംയമനം പാലിക്കണമെന്നും സാധാരണക്കാരുടെയും സിവിലിയൻ അടിസ്ഥാനസൗകര്യങ്ങളുടെയും സംരക്ഷണം ഉറപ്പാക്കണമെന്നും ആഹ്വാനം ചെയ്തു. രാജ്യങ്ങളുടെ പരമാധികാരവും പ്രാദേശിക അഖണ്ഡതയും മാനിച്ച് നയതന്ത്ര-സമാധാന മാർഗങ്ങളിലൂടെ തർക്കങ്ങൾ പരിഹരിക്കണമെന്നും പ്രഖ്യാപനം ആവശ്യപ്പെട്ടു.
ആഗോള വ്യാപാരത്തെ ബാധിക്കുന്ന ഏകപക്ഷീയമായ താരിഫുകളും മറ്റ് വ്യാപാര നിയന്ത്രണങ്ങളും സംബന്ധിച്ചും പ്രഖ്യാപനത്തിൽ ആശങ്ക രേഖപ്പെടുത്തി. ബഹുമുഖ സഹകരണം ശക്തിപ്പെടുത്തുന്നതിനും ആഗോള ഭരണ സംവിധാനങ്ങളിൽ വികസ്വര രാജ്യങ്ങളുടെ പ്രാതിനിധ്യം വർധിപ്പിക്കുന്നതിനും ബ്രിക്സ് ഊന്നൽ നൽകി.

