തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് അടിയന്തര പരിഹാരമാകാതെ തുടരുന്നതിനിടെ, ഒക്ടോബർ മുതൽ ഉയർന്ന നിരക്കിൽ വൈദ്യുതി വാങ്ങാൻ കേരളത്തിന് അനുമതി. 2027 മേയ് 15 വരെ വിവിധ കമ്പനികളിൽനിന്ന് വൈദ്യുതി വാങ്ങുന്നതിനുള്ള കരാറുകൾക്ക് വൈദ്യുതി റെഗുലേറ്ററി കമ്മിഷൻ അംഗീകാരം നൽകി.
നിലവിലെ വൈദ്യുതി നിയന്ത്രണം സെപ്റ്റംബർ 30 വരെ പ്രഖ്യാപിച്ചിരുന്നെങ്കിലും പ്രതിസന്ധിക്ക് ഇതുവരെ പരിഹാരമായിട്ടില്ല. പവർ എക്സ്ചേഞ്ചിൽനിന്ന് ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങാൻ തയ്യാറാണെങ്കിലും ആവശ്യത്തിന് വൈദ്യുതി ലഭിക്കാത്തതാണ് പ്രതിസന്ധി രൂക്ഷമാക്കുന്നത്.
വൈദ്യുതി പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ എട്ട് കമ്പനികളുമായി ഒക്ടോബർ മുതൽ കരാറുണ്ടാക്കാനുള്ള കെഎസ്ഇബിയുടെ അപേക്ഷയ്ക്കാണ് റെഗുലേറ്ററി കമ്മിഷൻ അനുമതി നൽകിയത്. യൂണിറ്റിന് ശരാശരി 10.04 രൂപ നിരക്കിൽ വൈദ്യുതി വാങ്ങാനാണ് അനുമതി.
ഒക്ടോബറിൽ 9.99 രൂപ നിരക്കിൽ 88 മെഗാവാട്ടും, നവംബറിൽ 9.42 രൂപ നിരക്കിൽ 240 മെഗാവാട്ടും, ഡിസംബറിൽ 9.42 രൂപ നിരക്കിൽ 384 മെഗാവാട്ടും, ജനുവരിയിൽ 9.40 രൂപ നിരക്കിൽ 295 മെഗാവാട്ടും, ഫെബ്രുവരിയിൽ 9.40 രൂപ നിരക്കിൽ 331 മെഗാവാട്ടും വാങ്ങുന്നതിനാണ് അനുമതി ലഭിച്ചിരിക്കുന്നത്.
ഇതിന് പുറമെ മാർച്ചിൽ യൂണിറ്റിന് 10.50 രൂപയ്ക്കും, ഏപ്രിൽ, മേയ് മാസങ്ങളിൽ 11 രൂപ മുതൽ 12.50 രൂപ വരെയുള്ള നിരക്കിലും വൈദ്യുതി വാങ്ങാനുള്ള കരാറുകൾക്കും കമ്മിഷൻ അനുമതി നൽകിയിട്ടുണ്ട്. വൈകുന്നേരം 6.30 മുതൽ അർധരാത്രി 12 വരെയുള്ള പീക്ക് സമയത്താണ് ഈ നിരക്കുകളിൽ വൈദ്യുതി വാങ്ങുക. എന്നാൽ അർധരാത്രി 12 മുതൽ പുലർച്ചെ അഞ്ചുവരെ ഇതേ നിരക്കിൽ വൈദ്യുതി വാങ്ങാനുള്ള കെഎസ്ഇബിയുടെ അപേക്ഷ കമ്മിഷൻ നിരസിച്ചു.
നിലവിലെ പ്രത്യേക സാഹചര്യത്തിലാണ് ഉയർന്ന നിരക്കിൽ വൈദ്യുതി വാങ്ങാൻ അനുമതി നൽകിയതെന്ന് വൈദ്യുതി റെഗുലേറ്ററി കമ്മിഷൻ വ്യക്തമാക്കി.

