ലണ്ടൻ: ബ്രിട്ടീഷ് കിരീടാവകാശി വില്യം രാജകുമാരന്റെ ഡി.എൻ.എയിൽ ഇന്ത്യൻ വേരുകളുണ്ടെന്ന ചരിത്രപരമായ വസ്തുത വീണ്ടും ചർച്ചയാകുന്നു. മുംബൈ സന്ദർശനത്തിനിടെ മനീഷ് മൽഹോത്ര ഡിസൈൻ ചെയ്ത കറുത്ത ബന്ദ്ഗാല അണിഞ്ഞ് ഇന്ത്യയോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച വില്യം രാജകുമാരൻ, തന്റെ കുടുംബചരിത്രത്തിലെ ഈ സുപ്രധാന ‘ഇന്ത്യൻ ബന്ധം’ പൊതുവേദികളിൽ അധികം പരാമർശിക്കാറില്ല.
1790-ൽ ബോംബെ പ്രസിഡൻസിയിൽ അർമേനിയൻ പിതാവിനും ഇന്ത്യൻ മാതാവിനും ജനിച്ച എലിസ ‘ബെറ്റ്സി’ കെവാർക്ക് (Eliza ‘Betsy’ Kewark) ആണ് വില്യം രാജകുമാരന്റെ അഞ്ചാം തലമുറയിലെ മുതുമുത്തശ്ശി. എന്നാൽ ബ്രിട്ടീഷ് പ്രഭുകുടുംബത്തിന്റെ അന്നത്തെ വംശീയ മുൻവിധികൾ കാരണം ചരിത്രത്തിൽ നിന്നും കുടുംബരേഖകളിൽ നിന്നും മനഃപൂർവ്വം മാറ്റിനിർത്തപ്പെട്ട ഒരു സാധാരണക്കാരിയായിരുന്നു എലിസ.
വില്യം രാജകുമാരന്റെ അമ്മയായ ഡയാന രാജകുമാരിയുടെ ‘സ്പെൻസർ’ കുടുംബവഴിയാണ് ഈ ഇന്ത്യൻ ബന്ധം ബ്രിട്ടീഷ് രാജകുടുംബത്തിലേക്ക് എത്തിയത്. രണ്ട് പതിറ്റാണ്ടിലേറെ നീണ്ട ഗവേഷണത്തിലൂടെ ചരിത്രകാരിയായ സൂസൻ ഹാർവാർഡ് ആണ് എലിസയുടെ ജീവിതകഥ പുറംലോകത്തെത്തിച്ചത്. സ്പെൻസർ കുടുംബത്തിന്റെ പൂർവ്വിക വസതിയായ ആൽത്തോർപ്പിലെ (Althorp) ലൈബ്രറിയിൽ എലിസ അർമേനിയൻ ഭാഷയിൽ എഴുതിയ കത്തുകൾ ഇന്നും സൂക്ഷിച്ചിട്ടുണ്ടെന്നും, വില്യമിന് തന്റെ ഈ ഇന്ത്യൻ പാരമ്പര്യത്തെക്കുറിച്ച് കൃത്യമായി അറിയാമെന്നും സൂസൻ ഹാർവാർഡ് വ്യക്തമാക്കുന്നു.

