ട്രംപിന് മുന്നിൽ ധാതുക്കല്ലുകളുടെ പെട്ടി തുറന്നുകാട്ടിയ പാക് സൈനിക മേധാവിയെ യു.എന്നിൽ രൂക്ഷമായി വിമർശിച്ച് ഇന്ത്യ

ന്യൂയോർക്ക്: ഐക്യരാഷ്ട്രസഭയിൽ പാകിസ്ഥാൻ സൈന്യത്തിനെതിരെ രൂക്ഷവിമർശനവുമായി ഇന്ത്യ. പ്രകൃതിവിഭവങ്ങളുമായി ബന്ധപ്പെട്ട യു.എൻ രക്ഷാസമിതിയുടെ പ്രത്യേക യോഗത്തിൽ സംസാരിക്കവെ, പാകിസ്ഥാൻ സൈന്യം രാജ്യത്തിന്റെ ധാതുസമ്പത്ത് സ്വന്തം താൽപ്പര്യങ്ങൾക്കായി ചൂഷണം ചെയ്യുകയാണെന്ന് ഇന്ത്യൻ സ്ഥിരം പ്രതിനിധി പർവ്വതനേനി ഹരീഷ് തുറന്നടിച്ചു.

കഴിഞ്ഞ വർഷം സെപ്റ്റംബറിൽ വൈറ്റ് ഹൗസിൽ വെച്ച് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് മുന്നിൽ പാക് സൈനിക മേധാവി അസിം മുനീർ ധാതുക്കല്ലുകൾ നിറച്ച മരപ്പെട്ടി പ്രദർശിപ്പിച്ച സംഭവം പേരെടുത്തു പറയാതെ ചൂണ്ടിക്കാട്ടിയാണ് ഇന്ത്യ പാകിസ്ഥാനെ അന്താരാഷ്ട്ര വേദിയിൽ വിമർശിച്ചത്. പാകിസ്ഥാന്റെ പ്രകൃതിവിഭവങ്ങൾ ചൂഷണം ചെയ്യുന്നതിൽ സൈന്യത്തിനുള്ള നേരിട്ടുള്ള പങ്കാളിത്തത്തിന് ഏറ്റവും വലിയ തെളിവാണ് വിദേശ നേതാക്കൾക്ക് മുന്നിൽ ധാതുക്കല്ലുകൾ നിറച്ച പെട്ടി പ്രദർശിപ്പിച്ച സൈനിക മേധാവിയുടെ നടപടിയെന്ന് പി. ഹരീഷ് പറഞ്ഞു.

പാകിസ്ഥാനിലെ ‘യഥാർത്ഥ ഭരണാധികാരികളായ’ സൈന്യം സ്വന്തം മേധാവിത്വത്തിനും സ്വാർത്ഥ താൽപ്പര്യങ്ങൾക്കും പകരം, രാജ്യത്തെ സാധാരണക്കാരുടെ ക്ഷേമത്തിനായി ഈ പ്രകൃതിവിഭവങ്ങൾ വിനിയോഗിച്ചിരുന്നെങ്കിൽ പാക് ജനതയ്ക്ക് അത് വലിയ ഗുണം ചെയ്യുമായിരുന്നുവെന്നും ഇന്ത്യൻ പ്രതിനിധി പരിഹസിച്ചു. സിന്ധു നദീജല കരാർ വിഷയം ഉയർത്തി ഇന്ത്യയ്ക്കെതിരെ കുപ്രചാരണം നടത്താൻ ശ്രമിച്ച പാക് പ്രതിനിധി ഉസ്മാൻ ജാദൂനിന് നൽകിയ കടുത്ത മറുപടിയിലായിരുന്നു ഇന്ത്യയുടെ ഈ വിമർശനം.

Leave a Reply

Your email address will not be published. Required fields are marked *