കൊച്ചി: സ്വർണപ്രേമികൾക്കും വിവാഹ ആവശ്യങ്ങൾക്കായി ആഭരണങ്ങൾ വാങ്ങാനിരിക്കുന്നവർക്കും വലിയ ആശ്വാസം പകർന്ന് സംസ്ഥാനത്ത് സ്വർണവില വീണ്ടും കുത്തനെ ഇടിഞ്ഞു. വ്യാഴാഴ്ച ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ വിലയിൽ 1,880 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 95,840 രൂപയായി താഴ്ന്നു. ഗ്രാമിന് 235 രൂപ കുറഞ്ഞ് 11,980 രൂപയിലാണ് വ്യാപാരം നടക്കുന്നത്. തുടർച്ചയായ ദിവസങ്ങളിൽ വില ഒരു ലക്ഷം രൂപയ്ക്ക് താഴെ തുടരുന്നത് ഉപഭോക്താക്കൾക്ക് വലിയ ആശ്വാസമാണ് നൽകുന്നത്.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി സംസ്ഥാനത്ത് സ്വർണവില തുടർച്ചയായി താഴുന്ന പ്രവണതയാണ് ദൃശ്യമാകുന്നത്. ബുധനാഴ്ച മാത്രം പവന് 2,040 രൂപയുടെ ഇടിവ് രേഖപ്പെടുത്തിയിരുന്നു. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ മാത്രം കേരളത്തിൽ ഒരു പവൻ സ്വർണത്തിന് 11,240 രൂപയാണ് കുറഞ്ഞത്.
ഈ വർഷം ജനുവരി 29-ന് രാവിലെ രേഖപ്പെടുത്തിയ പവന് 1,31,160 രൂപയാണ് ഇതുവരെയുള്ള സർവകാല റെക്കോഡ് നിരക്ക്. അന്നത്തെ റെക്കോഡ് നിരക്കുമായി താരതമ്യം ചെയ്യുമ്പോൾ, വെറും പത്തുമാസം കൊണ്ട് പവൻ വിലയിൽ 35,320 രൂപയുടെ വൻ ഇടിവാണ് സംഭവിച്ചിരിക്കുന്നത്. ഗ്രാം വിലയിൽ 4,415 രൂപയുടെ കുറവുണ്ടായി. ഇതിനുമുൻപ് 2025 ഡിസംബറിലാണ് കേരളത്തിൽ പവൻ വില 95,000 രൂപ നിരക്കിലുണ്ടായിരുന്നത്.

