ആലപ്പുഴ: ഭരണിക്കാവില്‍ വീട്ടില്‍ നിന്ന് 22 പവനും പണവും കവർന്ന കേസിൽ കുപ്രസിദ്ധ മോഷ്ടാക്കളെ പൊലീസ് 72 മണിക്കൂറിനുള്ളിൽ പിടികൂടി. തിരുവനന്തപുരം വള്ളക്കടവ് സ്വദേശി നസീർ, ചിറയിൻകീഴ് സ്വദേശി അനിൽദാസ് എന്ന ‘ഡപ്പാ അനിൽ’ എന്നിവരാണ് പിടിയിലായത്. ശനിയാഴ്ച രാത്രിയിലാണ് ഭരണിക്കാവ് സ്വദേശി ജോർജിന്റെ വീട് കുത്തിത്തുറന്ന് ഇരുവരും 22 പവൻ സ്വർണവും 30,000 രൂപയും കവർന്നത്.
സംഭവസ്ഥലത്തുനിന്നും ശേഖരിച്ച സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പൊലീസുദ്യോഗസ്ഥന് ദൃശ്യത്തിലുണ്ടായിരുന്നവർ കുപ്രസിദ്ധ മോഷ്ടാക്കളാണെന്ന് സംശയം തോന്നിയതാണ് പ്രതികളിലേക്ക് വഴിയൊരുക്കിയത്. ഒന്നിച്ച് ഒരു സ്ഥലത്തെത്തി കിലോമീറ്ററുകളോളം നടന്ന് ആളില്ലാത്ത വീടുകൾ കണ്ടെത്തി മോഷണം നടത്തുന്നതാണ് ഇരുവരുടെയും രീതി. തുടർന്ന് പുതിയ ഫോൺ നമ്പർ പിന്തുടർന്ന് വെഞ്ഞാറമൂട്ടിലെത്തിയ പൊലീസ് സംഘം കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡ് പരിസരത്തുനിന്ന് പ്രതികളെ പിടികൂടുകയായിരുന്നു. പൊലീസിനെ ആക്രമിക്കാൻ ശ്രമിച്ചെങ്കിലും ഇരുവരെയും സാഹസികമായി കീഴ്പ്പെടുത്തുകയായിരുന്നു.
മോഷ്ടിച്ച സ്വർണത്തിൽ 20 പവനും പ്രതികൾ പിറ്റേദിവസം തന്നെ വിറ്റ് 20 ലക്ഷം രൂപ സംഘടിപ്പിച്ചിരുന്നു. ഇതിൽ 14.5 ലക്ഷം രൂപ പൊലീസ് കണ്ടെടുത്തു. ബാക്കി തുകയും വിറ്റ സ്വർണവും കണ്ടെത്താൻ പ്രതികളെ വീണ്ടും കസ്റ്റഡിയിൽ വാങ്ങാനാണ് പൊലീസിന്റെ തീരുമാനം. വിവിധ സ്റ്റേഷനുകളിലായി മുപ്പതിലേറെ കേസുകളിൽ പ്രതികളാണ് ഇരുവരും. ചെങ്ങന്നൂർ ഡിവൈഎസ്പി അലക്സ് ബേബി, വള്ളികുന്നം എസ്എച്ച്ഒ ബിജേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.

