ആലപ്പുഴ: “യെസ് ടു സ്പോർട്സ്, നോ ടു ഡ്രഗ്സ്” എന്ന സന്ദേശം സമൂഹത്തിൽ പ്രചരിപ്പിക്കുന്നതിനായി സംഘടിപ്പിച്ച 47-ാമത് കേരള പോലീസ് സംസ്ഥാന സ്പോർട്സ് മീറ്റിന്റെ ഭാഗമായുള്ള സംസ്ഥാനതല ‘തുഫാൻ മാരത്തൺ’ ആലപ്പുഴയിൽ എത്തിച്ചേർന്നു. ഇതിനോടനുബന്ധിച്ച് ഡ്രാഗൺ, കയാക്കിങ് മത്സരങ്ങളും വിളംബര റാലിയും സംഘടിപ്പിച്ചു.
നാൽപ്പലം റൗണ്ടിൽ എസ്.പി.സി. കുട്ടികളുടെ നൃത്തവും മാതാ സ്കൂൾ വിദ്യാർഥികൾ അവതരിപ്പിച്ച ദൃശ്യവിഷ്ക്കാരവും അരങ്ങേറി. തുടർന്ന് നടന്ന പൊതുസമ്മേളനം മുനിസിപ്പൽ ചെയർപേഴ്സൺ മോളി ജേക്കബ് ഉദ്ഘാടനം ചെയ്തു. ആലപ്പുഴ ജില്ലാ പോലീസ് മേധാവി വിഷ്ണു പ്രദീപ് ടി.കെ. ഐ.പി.എസ്. ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടർ ഷാജി വി. നായർ, നഗരസഭ വൈസ് ചെയർമാൻ ജോസ് ചെല്ലപ്പൻ, നാർക്കോട്ടിക് സെൽ ഡിവൈ.എസ്.പി. പങ്കജാക്ഷൻ ബി., ആർ.ആർ.ആർ.എഫ്. കമാൻഡന്റ് ശക്തി സിംഗ് ഐ.പി.എസ്., സബ് കളക്ടർ ശക്തിവേൽ ഐ.എ.എസ്. എന്നിവർ ആശംസകൾ നേർന്നു.
അഡീഷണൽ എസ്.പി. ഉമേഷ് കുമാർ സ്വാഗതം ആശംസിച്ച ചടങ്ങിൽ സ്പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്.പി. സുനിൽകുമാർ ജി., ജില്ലയിലെ വിവിധ സബ് ഡിവിഷൻ ഡിവൈ.എസ്.പി.മാർ, മറ്റ് പോലീസ് ഉദ്യോഗസ്ഥർ, എസ്.പി.സി. കേഡറ്റുകൾ എന്നിവർ പങ്കെടുത്തു. സ്വീകരണത്തിന് ശേഷം അമ്പലപ്പുഴ, ഹരിപ്പാട്, കായംകുളം വഴി പ്രയാണം തുടർന്ന മാരത്തൺ ഓച്ചിറയിൽ വെച്ച് കൊല്ലം ജില്ലാ പോലീസിന് ഔദ്യോഗികമായി കൈമാറി.

