തിരുവനന്തപുരം: കഴിഞ്ഞ സർക്കാരിന്റെ അഞ്ചു വർഷത്തെ ഭരണകാലത്ത് മുഖ്യമന്ത്രിയും മന്ത്രിമാരും ചേർന്ന് 787 പേഴ്സണൽ സ്റ്റാഫുകളെയാണ് നിയമിച്ചതെന്ന വാർത്താസമ്മേളനത്തിലെ പ്രസ്താവനയിൽ താൻ ഉറച്ചുനിൽക്കുന്നതായി മുഖ്യമന്ത്രി വി.ഡി. സതീശൻ. ആകെ 500-ൽ താഴെ പേഴ്സണൽ സ്റ്റാഫുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നും മുഖ്യമന്ത്രി ഇതിന്റെ പട്ടിക പ്രസിദ്ധീകരിക്കണമെന്നുമാണ് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാൽ, 2021-2026 കാലയളവിൽ നിയമിച്ച പേഴ്സണൽ സ്റ്റാഫംഗങ്ങളുടെ പേര് മാത്രമല്ല, അവരുടെ വിലാസം ഉൾപ്പെടെയുള്ള പൂർണ്ണ വിശദാംശങ്ങളും നൽകാൻ താൻ തയാറാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
പേഴ്സണൽ സ്റ്റാഫംഗങ്ങൾക്ക് പുറമെ, മുഖ്യമന്ത്രിയുടെ സോഷ്യൽ മീഡിയ ഹാൻഡിലുകളുടെ പരിപാലനത്തിനായി മാത്രം കഴിഞ്ഞ സർക്കാരിന്റെ കാലത്ത് 12 പേരെയാണ് നിയമിച്ചിരുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 75,000 രൂപ മുതൽ 22,290 രൂപ വരെയുള്ള ശമ്പള സ്കെയിലിലായിരുന്നു ഇവരുടെ നിയമനം. തുടർന്ന് 2025-ൽ ഇവരുടെ ശമ്പളം വർധിപ്പിച്ചും ഉത്തരവിറക്കി. ഒരു മാസം ഏഴു ലക്ഷത്തിലധികം രൂപയും പ്രതിവർഷം 84 ലക്ഷത്തിലധികം രൂപയും സോഷ്യൽ മീഡിയ പരിപാലനത്തിന് മാത്രമായി ചെലവഴിച്ച സർക്കാരാണ് പിണറായി വിജയന്റേത്.
ഇത്തരത്തിൽ പ്രവർത്തിച്ചവരാണ് ഇപ്പോൾ പേഴ്സണൽ സ്റ്റാഫംഗങ്ങളുടെ പേരിൽ യു.ഡി.എഫ് സർക്കാരിനെ അധിക്ഷേപിക്കാൻ ശ്രമിക്കുന്നതെന്നും, അനുവദിക്കപ്പെട്ട പരിധിയിൽ കൂടുതൽ പേഴ്സണൽ സ്റ്റാഫുകളെ ഈ സർക്കാർ നിയമിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

