‘ന്യൂഡൽഹി പ്രഖ്യാപനം 2026’ ഐക്യകണ്ഠേന പാസാക്കി ബ്രിക്‌സ് ഉച്ചകോടി; ഇന്ത്യയ്ക്ക് വൻ നയതന്ത്ര വിജയം

ന്യൂഡൽഹി: ഭാരത് മണ്ഡപത്തിൽ ഇന്ത്യയുടെ അധ്യക്ഷതയിൽ നടക്കുന്ന 18-ാമത് ബ്രിക്‌സ് ഉച്ചകോടിയുടെ ആദ്യദിനത്തിൽ തന്നെ ‘ന്യൂഡൽഹി പ്രഖ്യാപനം 2026’ അംഗരാജ്യങ്ങൾ ഐക്യകണ്‌ഠേന പാസാക്കി. അംഗരാജ്യങ്ങളിൽ നിന്ന് യാതൊരുവിധ എതിർപ്പുകളുമില്ലാതെ പൂർണ്ണ സമ്മതത്തോടെയാണ് പ്രഖ്യാപനം അംഗീകരിച്ചതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു. അന്താരാഷ്ട്ര തലത്തിൽ ഭിന്നതകളും തർക്കങ്ങളും നിലനിൽക്കുന്ന പശ്ചാത്തലത്തിൽ പ്രഖ്യാപനത്തിൽ സമവായമുണ്ടാക്കാൻ കഴിഞ്ഞത് ഇന്ത്യയുടെ വലിയ നയതന്ത്ര വിജയമായാണ് വിലയിരുത്തപ്പെടുന്നത്. ബ്രിക്‌സ് കൂട്ടായ്മയുടെ 20-ാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി രണ്ട് പ്രത്യേക തപാൽ സ്റ്റാമ്പുകളും ചടങ്ങിൽ പ്രധാനമന്ത്രി പ്രകാശനം ചെയ്തു.

അന്താരാഷ്ട്ര വ്യാപാരത്തിന് തടസ്സം സൃഷ്ടിക്കുന്നതും ലോക വ്യാപാര സംഘടനയുടെ (ഡബ്ല്യു.ടി.ഒ) നിയമങ്ങൾക്ക് നിരക്കാത്തതുമായ ഏകപക്ഷീയ താരിഫുകളും നോൺ-താരിഫ് നടപടികളും വർധിച്ചുവരുന്നതിൽ പ്രഖ്യാപനത്തിൽ കടുത്ത ആശങ്ക രേഖപ്പെടുത്തിയിട്ടുണ്ട്. അന്താരാഷ്ട്ര നിയമങ്ങൾക്ക് വിരുദ്ധമായ ഏകപക്ഷീയ ഉപരോധങ്ങളെയും ബലപ്രയോഗങ്ങളെയും ഉച്ചകോടി ശക്തമായി അപലപിച്ചു. അന്താരാഷ്ട്ര തർക്കങ്ങൾ ചർച്ചകളിലൂടെയും നയതന്ത്രത്തിലൂടെയും സമാധാനപരമായി മാത്രമേ പരിഹരിക്കാവൂ എന്ന നിലപാട് ബ്രിക്‌സ് അംഗരാജ്യങ്ങൾ ആവർത്തിച്ചു. സായുധ സംഘർഷങ്ങൾ നടക്കുന്ന വേളകളിൽ പോലും ആണവ സുരക്ഷാ മാനദണ്ഡങ്ങളും മുൻകരുതലുകളും നിർബന്ധമായും പാലിക്കപ്പെടണമെന്നും പ്രഖ്യാപനം ആവശ്യപ്പെടുന്നു. എന്നാൽ, റഷ്യ-യുക്രൈൻ യുദ്ധം, അമേരിക്ക-ഇറാൻ യുദ്ധം എന്നിവയെക്കുറിച്ച് പ്രഖ്യാപനത്തിൽ പേരെടുത്ത് പരാമർശിച്ചിട്ടില്ല. അംഗരാജ്യങ്ങൾക്കിടയിൽ കുറഞ്ഞ ചെലവിൽ വേഗത്തിലുള്ള അതിർത്തി കടന്നുള്ള പണമിടപാടുകൾ സാധ്യമാക്കുന്നതിനും പ്രാദേശിക കറൻസികളിൽ വ്യാപാരം നടത്തുന്നതിനുമുള്ള ചർച്ചകൾ ബ്രിക്‌സ് പേയ്മെന്റ് ടാസ്‌ക് ഫോഴ്സിന്റെ നേതൃത്വത്തിൽ തുടരാനും ധാരണയായി.

മാറിക്കൊണ്ടിരിക്കുന്ന പുതിയ ലോകത്തെ നയിക്കാൻ കാലഹരണപ്പെട്ട സ്ഥാപനങ്ങൾ കൊണ്ട് സാധിക്കില്ലെന്ന് ഉച്ചകോടിയുടെ സമാപന പ്രസംഗത്തിൽ പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. അന്താരാഷ്ട്ര സ്ഥാപനങ്ങളിലെ പ്രാതിനിധ്യം, പ്രതികരണശേഷി, നിയമനിർമ്മാണം എന്നിവയിൽ അടിയന്തര പരിഷ്‌കരണങ്ങൾ അനിവാര്യമാണെന്നും, ആനുകൂല്യങ്ങളുടെ പിരമിഡിനെ പങ്കാളിത്തത്തിന്റെ പ്ലാറ്റ്ഫോമാക്കി മാറ്റണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. ഭാവി സാങ്കേതികവിദ്യകളുടെ വികസനത്തിലും അവയുടെ നിയന്ത്രണ ചട്ടങ്ങൾ രൂപീകരിക്കുന്നതിലും ഗ്ലോബൽ സൗത്ത് രാജ്യങ്ങൾക്ക് തുല്യ പങ്കാളിത്തം ഉറപ്പാക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. പശ്ചിമേഷ്യയിലെ സംഘർഷങ്ങളുടെയും കപ്പൽ ഗതാഗത തടസ്സങ്ങളുടെയും പശ്ചാത്തലത്തിൽ, നാവികരുടെ സുരക്ഷയ്ക്കായി ദുരന്ത മുന്നറിയിപ്പുകളും വൈദ്യസഹായവും ലഭ്യമാക്കുന്നതിന് ഒരു ബ്രിക്‌സ് അടിയന്തര ശൃംഖല രൂപീകരിക്കാനും പ്രധാനമന്ത്രി നിർദ്ദേശിച്ചു.

റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുടിൻ, ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്‌, ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാൻ, ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് സിറിൽ റാമഫോസ, എത്യോപ്യൻ പ്രധാനമന്ത്രി അബി അഹമ്മദ്, മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം തുടങ്ങി പ്രമുഖ ലോകനേതാക്കൾ ഉച്ചകോടിയിൽ പങ്കെടുത്തു

Leave a Reply

Your email address will not be published. Required fields are marked *