മൽക്കൻഗിരി (ഒഡീഷ): ഒഡീഷയിൽ യാത്രക്കാർ സഞ്ചരിച്ചിരുന്ന ബസിന് തീപിടിച്ചു. ശനിയാഴ്ച പുലർച്ചെ രാമബ്രഹ്മപുരത്ത് വെച്ചുണ്ടായ അപകടത്തിൽ നിന്ന് ചിത്രകൊണ്ട മണ്ഡലത്തിലെ കോൺഗ്രസ് എംഎൽഎ മംഗു ഖിലയും 36 യാത്രക്കാരും പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു.ഭുവനേശ്വറിൽ നിന്ന് നബരംഗ്പൂരിലേക്ക് പോവുകയായിരുന്നു ബസ്.
എംഎൽഎയും മറ്റ് യാത്രക്കാരും ഈ സമയം ബസിലുണ്ടായിരുന്നു.യാത്രയ്ക്കിടെ ബസിന്റെ പിൻചക്രം പഞ്ചറാവുകയും തൊട്ടുപിന്നാലെ തീപിടിത്തം ഉണ്ടാവുകയുമായിരുന്നു. തീ ആളിപ്പടരുന്നതിന് മുൻപ് തന്നെ യാത്രക്കാരെ സുരക്ഷിതമായി പുറത്തിറക്കാൻ സാധിച്ചു.അപകടം ശ്രദ്ധയിൽപ്പെട്ടയുടൻ ഡ്രൈവർ ബസ് നിർത്തുകയും ജനലുകൾ തുറന്ന് ഉറങ്ങിക്കിടന്നിരുന്ന യാത്രക്കാരെ വിളിച്ചുണർത്തുകയും ചെയ്തു.
ഡ്രൈവറുടെ സമയോചിതമായ ഇടപെടലാണ് വലിയൊരു ദുരന്തം ഒഴിവാക്കിയത്.അപകടസമയത്ത് യാത്രക്കാരെല്ലാം ഉറക്കത്തിലായിരുന്നുവെന്നും ഡ്രൈവറുടെ മനഃസാന്നിധ്യമാണ് എല്ലാവരുടെയും ജീവൻ രക്ഷിച്ചതെന്നും എംഎൽഎ മംഗു ഖില പറഞ്ഞു.

