നാഗ്പൂർ: മഹാരാഷ്ട്രയിലെ നാഗ്പൂരിൽ ബൈക്ക് റോഡിലെ കുഴിയിൽ വീണുണ്ടായ അപകടത്തിൽ രണ്ട് വിദ്യാർത്ഥികൾ മരിച്ചു. മൂന്നാം വർഷ നിയമ വിദ്യാർത്ഥികളായ സാക്ഷാം ബൻസോദ് (20), ആര്യൻ സോണ്ടാക്കെ (20) എന്നിവരാണ് മരിച്ചത്. ബുധനാഴ്ച രാത്രിയാണ് ദാരുണമായ സംഭവം നടന്നത്.രാത്രിയിൽ ഭക്ഷണം കഴിക്കാനായി ഹോസ്റ്റലിൽ നിന്ന് പുറത്തിറങ്ങിയതായിരുന്നു ഇരുവരും. കോളേജിന് സമീപമുള്ള റോഡിലെ വലിയ കുഴിയിൽ ബൈക്ക് വീഴുകയും നിയന്ത്രണം വിട്ട് മറിയുകയുമായിരുന്നു. അമിതവേഗതയിൽ വന്ന ബൈക്ക് കുഴിയിൽ ചാടിയപ്പോൾ ഉണ്ടായ ആഘാതത്തിൽ വിദ്യാർത്ഥികൾക്ക് ഗുരുതരമായി പരിക്കേറ്റു. രാത്രി വൈകിയിട്ടും വിദ്യാർത്ഥികൾ ഹോസ്റ്റലിൽ തിരിച്ചെത്താത്തതിനെ തുടർന്ന് കോളേജ് അധികൃതർ വീട്ടുകാരെ വിവരമറിയിക്കുകയും തിരച്ചിൽ ആരംഭിക്കുകയും ചെയ്തിരുന്നു.പിറ്റേന്ന് രാവിലെ നാട്ടുകാരാണ് റോഡരികിലെ കുഴിക്ക് സമീപം മൃതദേഹങ്ങൾ കണ്ടെത്തിയത്. ഉടൻ തന്നെ പോലീസിനെ വിവരമറിയിക്കുകയും മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. അശാസ്ത്രീയമായ റോഡ് നിർമ്മാണവും കുഴികൾ അടയ്ക്കാത്തതുമാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാർ ആരോപിച്ചു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
നാഗ്പൂരിൽ ബൈക്ക് കുഴിയിൽ വീണ് രണ്ട് നിയമ വിദ്യാർത്ഥികൾ മരിച്ചു

