കൊച്ചി: സംവിധായകൻ രഞ്ജിത്തിനെതിരായ ലൈംഗികാതിക്രമ കേസിൽ അന്വേഷണം ശക്തമാക്കി പോലീസ്. കേസുമായി ബന്ധപ്പെട്ട് നടൻ ബോബി കുര്യനെ അന്വേഷണ സംഘം ചോദ്യം ചെയ്തു. സിനിമയുടെ ചിത്രീകരണ വേളയിൽ ലൊക്കേഷനിലുണ്ടായിരുന്ന ബോബി കുര്യനിൽ നിന്ന് നിർണ്ണായക വിവരങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പോലീസ്.യുവനടി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. സംഭവദിവസം ലൊക്കേഷനിൽ നടന്ന കാര്യങ്ങളെക്കുറിച്ചും രഞ്ജിത്തിന്റെ പെരുമാറ്റത്തെക്കുറിച്ചും വ്യക്തത വരുത്താനാണ് അന്വേഷണ സംഘം ശ്രമിക്കുന്നത്. ലൈംഗികാതിക്രമം നടന്നുവെന്ന് പറയപ്പെടുന്ന കാരവാനിൽ ആ സമയത്ത് ബോബി കുര്യനും ഉണ്ടായിരുന്നു എന്ന മൊഴികളുടെ അടിസ്ഥാനത്തിലാണ് ഇദ്ദേഹത്തെ ചോദ്യം ചെയ്തത്.ലൈംഗികാതിക്രമം നടന്നുവെന്ന് പരാതിപ്പെട്ട കാരവാൻ പോലീസ് നേരത്തെ കണ്ടെത്തിയിരുന്നു. ഈ വാഹനത്തിൽ സി.സി.ടി.വി ക്യാമറകൾ ഉണ്ടായിരുന്നില്ലെന്ന് പരിശോധനയിൽ വ്യക്തമായിട്ടുണ്ട്. സെറ്റിലുണ്ടായിരുന്ന മറ്റു സാക്ഷികളുടെയും അസിസ്റ്റന്റ് ഡയറക്ടർമാരുടെയും മൊഴികൾ വരും ദിവസങ്ങളിൽ രേഖപ്പെടുത്തും. നിലവിൽ റിമാൻഡിൽ കഴിയുന്ന രഞ്ജിത്തിന്റെ ജാമ്യാപേക്ഷ കോടതിയുടെ പരിഗണനയിലാണ്. കൊച്ചി ഡി.സി.പി അശ്വതി ജിജിയുടെ മേൽനോട്ടത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.
ലൈംഗികാതിക്രമ കേസ്: സംവിധായകൻ രഞ്ജിത്തിനെതിരെ അന്വേഷണം ഊർജ്ജിതം; ബോബി കുര്യനെ ചോദ്യം ചെയ്തു

