കര്‍ണാടകയില്‍ ബസ് യാത്രാനിരക്ക് വര്‍ധിപ്പിച്ചു; ഓര്‍ഡിനറിക്ക് 9 രൂപയും എക്സ്പ്രസിന് 18 രൂപയും വരെ കൂടും

ബംഗളൂരു: സംസ്ഥാനത്ത് ബസ് സര്‍വീസുകളുടെ നിരക്ക് വര്‍ധിപ്പിച്ച് കര്‍ണാടക സര്‍ക്കാര്‍ ഉത്തരവിറക്കി. ഓര്‍ഡിനറി ബസുകള്‍ക്ക് ശരാശരി 9 രൂപ വരെയും എക്‌സ്പ്രസ് സര്‍വീസുകള്‍ക്ക് 18 രൂപയോളവുമാണ് വര്‍ധന വരുത്തിയിരിക്കുന്നത്. ഇന്ധനവില വര്‍ധനവിന്റെ പശ്ചാത്തലത്തിലാണ് ഈ നടപടിയെന്ന് ഗതാഗത മന്ത്രി ബൈരതി സുരേഷ് വ്യക്തമാക്കി. ലാഭമുണ്ടാക്കുക എന്നതല്ല സർക്കാരിന്റെ ലക്ഷ്യമെന്നും കെ.എസ്.ആര്‍.ടി.സി, ബി.എം.ടി.സി തുടങ്ങിയ പൊതുഗതാഗത കോർപ്പറേഷനുകളെ സംരക്ഷിക്കാനാണ് നിരക്ക് വര്‍ധിപ്പിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അയൽ സംസ്ഥാനങ്ങളായ തമിഴ്നാടും മഹാരാഷ്ട്രയും ബസ് നിരക്കുകൾ വർധിപ്പിച്ച കാര്യവും മന്ത്രി ചൂണ്ടിക്കാട്ടി.

പുതുക്കിയ നിരക്കുകൾ പ്രകാരം സിറ്റി ബസ് സര്‍വീസുകളുടെ കുറഞ്ഞ നിരക്ക് 6 രൂപയില്‍ നിന്ന് 10 രൂപയായി ഉയര്‍ത്തി. ബി.എം.ടി.സി സര്‍വീസുകളില്‍ ആദ്യ രണ്ട് കിലോമീറ്ററിന് ഇനിമുതൽ നാലുരൂപ അധികം നല്‍കേണ്ടിവരും. നിലവിലുണ്ടായിരുന്ന 35 രൂപയുടെ നിരക്ക് 45 രൂപയായാണ് വര്‍ധിപ്പിച്ചത്. എ.സി വജ്ര ബസുകളിലെ യാത്രാനിരക്ക് 75 രൂപയില്‍ നിന്ന് 90 രൂപയാക്കി ഉയർത്തിയിട്ടുണ്ട്.

ബംഗളൂരു നഗരത്തെ കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളവുമായി ബന്ധിപ്പിക്കുന്ന ‘വായു വജ്ര’ സര്‍വീസുകളുടെ നിരക്ക് 405 രൂപയില്‍ നിന്ന് 425 രൂപയാക്കി. രാജഹംസ, എ.സി ബസുകള്‍ ഉള്‍പ്പെടെയുള്ള കെ.എസ്.ആര്‍.ടി.സിയുടെ എല്ലാ ലക്ഷ്വറി സര്‍വീസുകളുടെയും നിരക്കുകളിൽ ആനുപാതികമായ വർധനവ് നിലവിൽ വരും.

Leave a Reply

Your email address will not be published. Required fields are marked *