ന്യൂഡൽഹി: രാജ്യത്ത് ജനനനിരക്ക് ഗണ്യമായി കുറഞ്ഞുവരുന്ന പശ്ചാത്തലത്തിൽ, രണ്ടിൽ കൂടുതൽ കുട്ടികളുള്ളവരെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് അയോഗ്യരാക്കുന്ന നിയമങ്ങളുടെ പ്രസക്തി നഷ്ടപ്പെട്ടതായി സുപ്രീം കോടതി. ജനസംഖ്യാ വർദ്ധനവിനെക്കുറിച്ചുള്ള മുൻകാല ആശങ്കകൾ മാറി വലിയ തോതിലുള്ള ജനസംഖ്യാ വ്യതിയാനങ്ങൾ സംഭവിച്ചുകഴിഞ്ഞെന്നും, അതിനാൽ ഇത്തരം നിയന്ത്രണങ്ങളുടെ അടിസ്ഥാനം തന്നെ തകർന്നിരിക്കുകയാണെന്നും കോടതി നിരീക്ഷിച്ചു. ജസ്റ്റിസ് പി.എസ്. നരസിംഹ, ജസ്റ്റിസ് അലോക് ആരാധെ എന്നിവരടങ്ങിയ ബെഞ്ചാണ് ഈ നിർണ്ണായക നിരീക്ഷണം നടത്തിയത്. വിഷയം പുനഃപരിശോധിക്കുന്നതിനായി കൂടുതൽ അംഗങ്ങളുള്ള വലിയ ബെഞ്ചിന്റെ പരിഗണനയ്ക്ക് വിടുകയും ചെയ്തു.
2003-ൽ ഹരിയാനയിലെ കേസിലാണ് (‘ജാവേദ് കേസ്’) രണ്ടിൽ കൂടുതൽ കുട്ടികളുള്ളവർക്ക് പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ വിലക്കേർപ്പെടുത്തിയ നിയമത്തിന്റെ ഭരണഘടനാ സാധുത അന്നത്തെ മൂന്നംഗ ബെഞ്ച് ശരിവെച്ചിരുന്നത്. എന്നാൽ അന്ന് സുപ്രീം കോടതി വിധി പറയുമ്പോൾ രാജ്യത്തെ മൊത്തത്തിലുള്ള പ്രജനന നിരക്ക് (Fertility Rate) 3 ആയിരുന്നുവെങ്കിൽ നിലവിലത് 1.9 ആയി കുറഞ്ഞതായി ബെഞ്ച് ചൂണ്ടിക്കാട്ടി. ഒരു തലമുറയെ നിലനിർത്താൻ ആവശ്യമായ മാറ്റ നിരക്ക് 2.1 ആണ്. ജനനനിരക്ക് ഇതിലും താഴേക്ക് പോകുന്നത് ഭാവിയിൽ തൊഴിലെടുക്കുന്നവരുടെ അനുപാതം കുറയുന്നതിനും പ്രായമായവരുടെ എണ്ണം കുത്തനെ കൂടുന്നതിനും വഴിവെക്കും. ഈ യാഥാർത്ഥ്യങ്ങൾ ഉൾക്കൊള്ളാൻ തയ്യാറായില്ലെങ്കിൽ രാജ്യം ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് കോടതി മുന്നറിയിപ്പ് നൽകി.
മഹാരാഷ്ട്ര വില്ലേജ് പഞ്ചായത്ത് ആക്ട് പ്രകാരം മൂന്നാം കുട്ടി ജനിച്ചതിന്റെ പേരിൽ കകോഡ ഗ്രാം പഞ്ചായത്ത് മുൻ സർപഞ്ച് മംഗള ഭീംറാവുവിന് നേരിടേണ്ടി വന്ന അയോഗ്യത സുപ്രീം കോടതി റദ്ദാക്കി. പൊതുരംഗത്ത് പ്രവർത്തിക്കാനുള്ള ഒരാളുടെ കഴിവിനെ കുട്ടികളുടെ എണ്ണം ബാധിക്കുന്നില്ലെന്ന് വ്യക്തമാക്കിയ കോടതി, ഇത്തരം നിയമങ്ങൾ തുടരുന്നത് ഒരു വിഭാഗം ജനങ്ങളെ രാഷ്ട്രീയ പങ്കാളിത്തത്തിൽ നിന്ന് അന്യായമായി പുറന്തള്ളുമെന്നും നിരീക്ഷിച്ചു. കുട്ടികൾക്ക് ജന്മം നൽകുന്നതും ജനാധിപത്യ പ്രക്രിയയിൽ പങ്കാളികളാകുന്നതും തമ്മിൽ കൂട്ടിക്കെട്ടുന്നത് ഭരണഘടനയുടെ 21-ാം അനുച്ഛേദം ഉറപ്പുനൽകുന്ന പ്രത്യുൽപാദന സ്വാതന്ത്ര്യത്തിന്റെ ലംഘനമാണെന്നും കോടതി കൂട്ടിച്ചേർത്തു.

