ന്യൂഡൽഹി: ഈ വർഷം മാർച്ച് 31-ഓടെ രാജ്യം നക്സലിസത്തിന്റെ പിടിയിൽ നിന്ന് പൂർണ്ണമായി മോചിതമായെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ന്യൂഡൽഹിയിലെ ദേശീയ പോലീസ് സ്മാരകത്തിൽ സംഘടിപ്പിച്ച ‘പോലീസ് അനുസ്മരണ ദിന’ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പതിറ്റാണ്ടുകളായി രാജ്യത്തിന്റെ സുരക്ഷയ്ക്ക് ഭീഷണിയായിരുന്ന നക്സലിസത്തെ അമർച്ച ചെയ്യുന്നതിൽ രാജ്യം ചരിത്രപരമായ നേട്ടമാണ് കൈവരിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി.
രാജ്യത്തിന്റെ അഖണ്ഡതയ്ക്കും സമാധാനത്തിനുമായി ജീവൻ ബലിയർപ്പിച്ച ധീരരായ പോലീസ് ഉദ്യോഗസ്ഥർക്ക് കേന്ദ്ര ആഭ്യന്തര മന്ത്രി കൃതജ്ഞതയോടെ ആദരാഞ്ജലികൾ അർപ്പിച്ചു. ഈ രക്തസാക്ഷികളുടെ നിസ്തുലമായ ത്യാഗങ്ങളാണ് ഇന്ത്യയുടെ ആഭ്യന്തര സുരക്ഷയ്ക്കും സമഗ്ര വികസനത്തിനും അടിത്തറ പാകിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

