ന്യൂഡൽഹി: ചോദ്യപേപ്പർ ചോർച്ചയെ തുടർന്ന് നീറ്റ് പരീക്ഷ റദ്ദാക്കിയതിൽ മനംനൊന്ത് രാജസ്ഥാനിൽ വിദ്യാർഥി ആത്മഹത്യ ചെയ്തു. സിക്കാറിലെ 22-കാരനായ പ്രദീപ് മേഘ്വാളാണ് മരിച്ചത്. നീറ്റ് പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് റിപ്പോർട്ട് ചെയ്യപ്പെടുന്ന ആദ്യ ആത്മഹത്യയാണിത്.
മെയ് 3-ന് നടത്തിയ നീറ്റ് പരീക്ഷ ഏറെ കഠിനാധ്വാനത്തോടെ എഴുതിയിരുന്നുവെന്നും പരീക്ഷ റദ്ദാക്കിയതിനെ തുടർന്ന് പ്രദീപ് കടുത്ത മാനസിക സമ്മർദത്തിലായിരുന്നുവെന്നും കുടുംബാംഗങ്ങൾ പറഞ്ഞു. ജൂൺ 21-ന് പുനഃപരീക്ഷ പ്രഖ്യാപിച്ച ദിവസമാണ് വിദ്യാർഥി ആത്മഹത്യ ചെയ്തത്. ഡോക്ടറാകുക എന്നതായിരുന്നു പ്രദീപിന്റെ ആഗ്രഹമെന്ന് ബന്ധുക്കൾ വ്യക്തമാക്കി.
കഴിഞ്ഞ മൂന്ന് വർഷമായി പ്രദീപ് നീറ്റ് പരീക്ഷയ്ക്കായി തയ്യാറെടുപ്പിലായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. 720ൽ 650 മാർക്ക് വരെ ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നുവെന്ന് പിതാവ് രാജേഷ് കുമാർ മേഘ്വാൾ പൊലീസിനോട് പറഞ്ഞു.
രാജസ്ഥാനിലെ സിക്കാറിലെ ജൽധാരി നഗറിലെ വാടകവീട്ടിൽ സഹോദരിമാർക്കൊപ്പമായിരുന്നു പ്രദീപ് താമസിച്ചിരുന്നത്. സഹോദരിയുടെ സ്കാർഫ് ഉപയോഗിച്ച് സീലിംഗ് ഫാനിൽ തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവം നടക്കുമ്പോൾ ഒരു സഹോദരി കുളിമുറിയിലായിരുന്നുവെന്നും മറ്റൊരു സഹോദരി കോച്ചിംഗ് ക്ലാസിന് പോയിരിക്കുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.
കടുത്ത സാമ്പത്തിക ബുദ്ധിമുട്ടുകൾക്കിടയിലും പ്രദീപിന്റെ പഠനത്തിനായി കുടുംബം 8 മുതൽ 11 ലക്ഷം രൂപവരെ ചെലവഴിച്ചിരുന്നതായി അയൽവാസികൾ പറഞ്ഞു. ദിവസക്കൂലി തൊഴിലാളിയായ പിതാവ് കുടുംബത്തിന്റെ കൃഷിഭൂമിയുടെ ഒരു ഭാഗം വിറ്റാണ് പഠനച്ചെലവിനുള്ള പണം കണ്ടെത്തിയതെന്നും റിപ്പോർട്ടിലുണ്ട്.
പ്രദീപിന്റെ മരണം സർക്കാരിന്റെ വീഴ്ചകളുടെ ഫലമാണെന്ന് കോൺഗ്രസ് ആരോപിച്ചു. ചോദ്യപേപ്പർ ചോർച്ച ലക്ഷക്കണക്കിന് വിദ്യാർഥികളെ മാനസിക സമ്മർദത്തിലാക്കിയെന്നും ഇതിന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയമാണ് ഉത്തരവാദിയെന്നും പാർട്ടി കുറ്റപ്പെടുത്തി.

